'ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുത്'; ജോൺ ബ്രിട്ടാസ് കേന്ദ്രമന്ത്രിക്ക് കത്തെഴുതി

ന്യൂഡൽഹി: ലക്ഷദ്വീപിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ലക്ഷദ്വീപിൽ ത്രിഭാഷാ നയം നടപ്പാക്കുന്നത്. ഇതോടെ മഹലും അറബിയും ലക്ഷദ്വീപിൽ പഠിപ്പിക്കാനാകാത്ത സാഹചര്യമുണ്ടാകും. ഈ രണ്ടു ഭാഷകളും ലക്ഷദ്വീപുകാരുടെ സാമൂഹിക– സാംസ്കാരിക- വിദ്യാഭ്യാസ ഘടനയുടെ അവിഭാജ്യഭാഗങ്ങളാണ്. ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് ഈ ഭാഷകൾ ഒഴിവാക്കുന്നത് ദ്വീപുജനതയുടെ തനിമയ്ക്കും പാരമ്പര്യത്തിനും ഭാവികാല സ്വപ്നങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണ്. ദേശീയവിദ്യാഭ്യാസനയം മാതൃഭാഷയ്ക്ക് ഊന്നൽ നല്കുന്നു എന്ന കൊട്ടിഘോഷിക്കലിന് എതിരുമാണ് ഈ നീക്കം.
മഹൽ ഒരു ഭാഷാഭേദം മാത്രമല്ല. സ്വന്തമായ ലിപിയും പാരമ്പര്യവുമുള്ള തനതുഭാഷ തന്നെയാണ്. ന്യൂനപക്ഷസംസ്കാരവുമായി അവിഭാജ്യമാംവിധം ഇഴചേർന്നതുമാണ്. അറബി ഭാഷയും മതപരവും വിദ്യാഭ്യാസപരവും തൊഴിൽപരവുമായി പ്രാധാനമുള്ളതാണ്. ലക്ഷദ്വീപിലെ സ്കൂളുകൾ കേരളത്തിലെ പാഠ്യപദ്ധതിയാണ് പിൻതുടരുന്നത്. അതിൽ അറബി ഭാഷയുമുണ്ട്. മഹലും അറബിയും ഒഴിവാക്കപ്പെടുമ്പോൾ ഭാഷാപരമായ നീതിയും സാംസ്കാരികാന്തസ്സുമാണ് അട്ടിമറിക്കപ്പെടുന്നത്.
എന്തെങ്കിലും പഠനമോ പ്രാദേശികജനവിഭാഗങ്ങളുമായി ചർച്ചയോ നടത്തിയിട്ടല്ല ലക്ഷദ്വീപിൽ പുതിയ വിദ്യാഭ്യാസനയം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രത്തിനുമേൽ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രീകൃത ചട്ടക്കൂട് അടിച്ചേല്പിക്കുകയാണ്. മഹലും അറബിയും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. സംസ്ഥാന സർക്കാരുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ വിഭാഗവുമായി കൂടിയാലോചനകൾ നടത്തുന്നതുവരെ ദേശീയ വിദ്യാഭ്യാസ നയവും നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു.
0 comments