പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവഡോക്ടർ മരിച്ചു: കൊലപാതകമെന്ന് കുടുംബം

ന്യൂഡൽഹി : ഡൽഹിയിൽ പരീക്ഷയെഴുതാൻ പോയ യുവഡോക്ടറെ ഹരിയാനയിലെ ആശുപത്രിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി. ചികിത്സയിലിരിക്കെ യുവതി മരണപ്പെട്ടു. രാജസ്ഥാൻ സ്വദേശിയായ ഭാവന യാദവാണ് (25) മരിച്ചത്. ജയ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഭാവനയുടെ മരണം കൊലപാതകമാണെന്നും ഡൽഹിയിൽ പരീക്ഷയ്ക്കെത്തിയ ഭാവനയെ പൊള്ളലേറ്റ നിലയിൽ ഹരിയാനയിൽ കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നും കുടുംബം പറഞ്ഞു.
ഫിലിപ്പൈൻസിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഭാവന ഇന്ത്യയിൽ പ്രാക്ടീസ് നടത്തുന്നതിനായി ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാം എഴുതുന്നതിനായാണ് ഡൽഹിയിലെത്തിയത്. ഓൺലൈൻ ക്ലാസുകൾ അറ്റന്റ് ചെയ്തിരുന്ന ഭാവന ആഴ്ചകളിൽ ഡൽഹിയിൽ പരീക്ഷയ്ക്കായി എത്തിയിരുന്നു. 21ന് പരീക്ഷയ്ക്കായി ഡൽഹിയിലെത്തിയ ഭാവന സഹോദരിക്കൊപ്പം നിന്ന ശേഷം 24ന് തിരികെ വീട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതായി ഭാവനയുടെ അമ്മ പറഞ്ഞു.
എന്നാൽ പറഞ്ഞ ദിവസം ഭാവന വീട്ടിലെത്തിയില്ല. 24ന് ഉമേഷ് യാദവ് എന്ന വ്യക്തി ഭാവനയുടെ അമ്മയെ വിളിച്ച് അപകടവിവരം പറയുകയായിരുന്നു. ഹരിയാനയിലെ ഹിസാറിലുള്ള ആശുപത്രിയിൽ പൊള്ളലേറ്റ നിലയിൽ ഭാവനയെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് കുടുംബത്തെ അറിയിച്ചത്. കുടുംബം ഉടൻ തന്നെ ഹിസാറിലെത്തിയെങ്കിലും ആശുപത്രി അധികൃതർക്കും ഭാവനയ്ക്ക് പൊള്ളലേറ്റതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുമായിരുന്നില്ല.
പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ ഭാവനയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. ഭാവനയുടെ ശരീരത്തിൽ കത്തി കൊണ്ട് കുത്തിയ മുറിവുള്ളതായി ഭാവനയുടെ അമ്മ പറഞ്ഞു. ഭാവനയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തീകൊളുത്തുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭാവനയുടെ ലാപ്ടോപും മൊബൈലും നഷ്ടപ്പെട്ടതായും അമ്മ പറഞ്ഞു. ജയ്പൂരിലും ഹിസാറിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.









0 comments