മുസ്ലീമാണെങ്കിൽ ചികിത്സിക്കില്ല; യുപിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ

ലഖ്‌നൗ: ഉത്തർപ്രദേശിൽ മതത്തിന്റെ പേരിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ. യുപിയിലെ ജോൺപുരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെതിരെ ശമ പർവീൺ എന്ന സ്ത്രീക്കാണ് ചികിത്സ നിഷേധിക്കപ്പെട്ടത്. ഭർത്താവ് മുഹമ്മദ് നവാസ് ഭാര്യയെ ചികിത്സിക്കാൻ ഡോക്ടറോട് അഭ്യർഥിച്ചെങ്കിലും മുസ്ലീമാണെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന് വനിതാ ഡോക്ടർ പറയുകയായിരുന്നു.
അവളെ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുവരരുതെന്നും മുസ്ലീമായ അവളെ താൻ നോക്കില്ല എന്നും ഡോക്ടർ പറഞ്ഞതായാണ് കുടുംബം ആരോപിക്കുന്നത്. തനിക്ക് ചികിത്സ നിഷേധിക്കപ്പെട്ട കാര്യം പറയുന്ന ശമ പർവീന്റെ വീഡിയോ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. മോദിയുടെയും യോഗിയുടെയും ഇന്ത്യ ഇതാണ് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.
ഇതിനെത്തുടർന്ന് ജോൺപുർ ജില്ലയിലെ ആരോഗ്യ മേഖല ഉദ്യോഗസ്ഥർ ഡോക്ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.









0 comments