കാറിലുണ്ടായിരുന്നത് 34കാരനായ ഉമര്‍ നബിയെന്ന് ഉറപ്പായി, ഡിഎന്‍എ പരിശോധന ഫലം പുറത്ത്

ഡല്‍ഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ കാറില്‍ ഉണ്ടായിരുന്നത് 34കാരനായ ഉമര്‍ നബി തന്നെ. പുറത്തുവന്ന ഡിഎന്‍എ പരിശോധന ഫലമാണ് ഇയാളാണെന്ന് ഉറപ്പിക്കുന്നതിൽ നിർണയകമായത്. പുല്‍വാമയിലെ കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഫരീദാബാദില്‍ പിടികൂടിയ 2900 കിലോ സ്ഫോടകവസ്തുവുമായി ബന്ധപ്പെട്ടതടക്കമുള്ള "വൈറ്റ് കോളര്‍' ഭീകര സംഘവുമായി ഉമറിന് ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. അറസ്റ്റിലായ ഡോക്‌ടർമാരായ മുജാമിൽ ഷക്കീൽ, ഷഹീൻ ഷഹീദ് എന്നിവർ ജോലി ചെയ്യുന്ന ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളേജിലായിരുന്നു ഉമറും ജോലി ചെയ്തത്.
മുജാമിലും ഉമറും ഒരേനാട്ടുകാരാണ്. ഡോക്‌ടർമാരുടെ അറസ്റ്റിന് പിന്നാലെ ഉമറിനെ കാണാതായി. തുടർന്ന് പൊലീസ് ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഉത്തർ പ്രദേശിലെ സഹ്‌റാൻപുരിൽ അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തറുമായും ഉമറിന് ബന്ധമുണ്ടെന്നും ഇൗ ഡോക്‌ടർമാരെല്ലാം ഉൾപ്പെടുന്ന ടെലഗ്രാം ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കുട്ടിക്കാലം മുതൽ തന്നെ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു ഉമറിന്റേതെന്നും അധികം സുഹൃത്തുക്കളില്ലായിരുന്നെന്നും ഉമറിന്റെ സഹോദര ഭാര്യ മുസമിൽ പറഞ്ഞത്. രണ്ട് മാസമായി വീട്ടിൽ വന്നിട്ട്. വെള്ളിയാഴ്‌ചയാണ് അവസാനം സംസാരിച്ചത്. മൂന്ന് ദിവസം കഴിഞ്ഞ് വീട്ടിൽ വരാമെന്ന് പറഞ്ഞു. അവനെ പഠിപ്പിക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല– മുസമിൽ മാധ്യമങ്ങളോട് പറഞ്ഞു.









0 comments