തീവ്രവാദ ബന്ധം ആരോപിച്ച് ജമ്മു കശ്മീർ പുറത്താക്കിയ ഡോക്ടറും അൽ-ഫലാഹില്‍ ജോലി ചെയ്തിരുന്നു: റിപ്പോർട്ട്

nisarulhasan jammu
വെബ് ഡെസ്ക്

Published on Nov 12, 2025, 04:48 PM | 1 min read

ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള ഹരിയാനയിലെ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ, തീവ്രവാദ ബന്ധം ആരോപിച്ച് നേരത്തെ ജമ്മു കശ്മീർ ഭരണകൂടം പിരിച്ചുവിട്ട ഒരു പ്രൊഫസർ ജോലി ചെയ്തിരുന്നതായി കണ്ടെത്തി. നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും ഇരുപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


അൽ-ഫലാഹ് സർവകലാശാലയിലെ മെഡിസിൻ വിഭാഗം പ്രൊഫസറായ ഡോ. നിസാർ-ഉൾ-ഹസനെ, ആർട്ടിക്കിൾ 311(2)(സി) പ്രകാരം 2023-ൽ ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന കേസുകളിൽ വകുപ്പുതല അന്വേഷണമില്ലാതെ പൊതുപ്രവർത്തകനെ പിരിച്ചുവിടാൻ ഈ വകുപ്പ് സർക്കാരിന് അധികാരം നൽകുന്നുണ്ട്.


പിരിച്ചുവിടുന്നതിന് മുമ്പ് ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരി സിംഗ് ഹോസ്പിറ്റലിൽ മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു ഡോ. നിസാർ-ഉൾ-ഹസൻ. 2023 നവംബർ 21-ന് പുറത്തിറക്കിയ ഉത്തരവിൽ, ലഭ്യമായ വിവരങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ, ഡോക്ടറുടെ പ്രവർത്തനങ്ങൾ സർവീസിൽ നിന്ന് പിരിച്ചുവിടാൻ പര്യാപ്തമാണെന്ന് ലഫ്റ്റനന്റ് ഗവർണർക്ക് ബോധ്യപ്പെട്ടതായി പറയുന്നു.


കശ്മീരിൽ നിന്ന് പിരിച്ചുവിട്ട ശേഷം ഡോ. നിസാർ-ഉൾ-ഹസനെ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാല മെഡിസിൻ വിഭാഗം പ്രൊഫസറായി നിയമിച്ചു. സർവകലാശാലയിലെ വ്യക്തികൾക്ക് തീവ്രവാദ സെല്ലുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ് കേന്ദ്ര ഏജൻസികൾ. എന്നാൽ നിസാർ-ഉൾ-ഹസനെ കണ്ടെത്താനായിട്ടില്ല.


അതേസമയം. തങ്ങൾക്ക് ഭീകര സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് അൽ ഫലാഹ് സർവകലാശാല പറ‍ഞ്ഞു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ചാവേർ എന്ന് കരുതുന്ന ഡോ. ഉമർ നബിയും മെഡിക്കൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. അറസ്റ്റിലായ എല്ലാവർക്കും മെഡിക്കൽ പശ്ചാത്തലമുണ്ട്. ഇവരിൽ പലർക്കും ആൽ-ഫലാഹ് സർവകലാശാലയുമായി തൊഴിൽപരമായ ബന്ധവുമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home