പിടികൂടിയ നായകളെ തിരികെ വിടണം; ഷെൽട്ടറിലേക്ക് മാറ്റാനുള്ള വിധിക്ക് സുപ്രീംകോടതി സ്‌റ്റേ

പ്രതീകാത്മകചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ തെരുവുനായകളെ ഷെൽട്ടറിലേക്ക് മാറ്റാനുള്ള വിധിക്ക് സുപ്രീംകോടതി സ്‌റ്റേ. ജസ്റ്റിസുമാരായ വിക്രാം നാത്, സന്ദീപ് മേഹ്‌ത, എൻ വി അഞ്ചാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് നേരത്തെ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയിൽ ഭേദഗതി വുത്തിയത്. ഡൽഹിയുടെ വിവിധ മേഖലകളിൽ നിന്ന് പിടിച്ച തെരുവ് നായകളെ വന്ധ്യംകരണം ചെയ്ത് വിരമരുന്നും പ്രതിരോധ കുത്തിവയ്പ്പും നൽകി, പിടികൂടിയ യഥാസ്ഥാനത്ത് തന്നെ വിടണമെന്നും സുപ്രീംകോടതി പറഞ്ഞു.
ആക്രമണകാരികളും പേവിഷബാധയേറ്റതുമായ നായകളെ തിരിച്ചുവിടേണ്ടതില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പൊതുസ്ഥലത്ത് വച്ച് തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനും സുപ്രീംകോടതി നിയന്ത്രണങ്ങളേർപ്പെടുത്തി. തെരുവുനായകൾക്ക് പ്രത്യേകം ഭക്ഷണം നൽകുന്ന സ്ഥലങ്ങൾ ഒരുക്കണമെന്ന നിർദേശവും കോടതി നൽകി.
ആഗസ്‌ത് 11ന് സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനാണ് ഇപ്പോൾ ഭേദഗതി വരുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ എല്ലാ തെരുവ് നായ്ക്കളേയും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്നും കൃത്യമായ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്നായിരുന്നു രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്.
തെരുവുനായകളെ വിവിധയിടങ്ങളിൽ നിന്ന് കുത്തിവയ്‌പ്പിനുൾപ്പെടെ പിടികൂടുന്നത് തടയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഗസ്‌ത് 11ലെ വിധിയിൽ രണ്ടംഗ ബെഞ്ച് പ്രസ്‌താവിച്ചിരുന്നു. ഈ തീരുമാനത്തെ ഇന്ന് മൂന്നംഗ ബെഞ്ച് ശരിവയ്‌ക്കുകയും ചെയ്തു.









0 comments