നയതന്ത്രബന്ധം തകർന്നു: ജി 7 ഉച്ചകോടിക്ക് മോദിക്ക് കാനഡയുടെ ക്ഷണമില്ല

ന്യൂഡൽഹി: കാനഡ ആഥിത്യമരുളുന്ന ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണമില്ല. രണ്ടുവർഷമായി നയതന്ത്രബന്ധം തകർന്നിരിക്കുകയാണ്. 15 മുതൽ 17വരെ ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന അമ്പതാമത് യോഗത്തിൽനിന്നാണ് മോദി പുറത്തായത്. ആറുവർഷത്തിനിടയിൽ മോദിയില്ലാതെ നടക്കുന്ന ആദ്യ ജി 7 യോഗമാകും ഇത്.
വൈകി ക്ഷണം ലഭിച്ചാലും ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ അംഗരാജ്യങ്ങൾക്കുപുറമേ യുറോപ്യൻ യൂണിയൻ പ്രസിഡന്റും ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം പരിഹരിച്ച് വ്യാപാര ബന്ധങ്ങളടക്കം മികച്ച നിലയിലാക്കുമെന്ന് കാനഡ പ്രധാനമന്ത്രി മാർക് കാർണി പറഞ്ഞിരുന്നു. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിനുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് ബന്ധം വഷളായത്.









0 comments