ധർമേന്ദ്ര ആശുപത്രി വിട്ടു; തുടർചികിത്സ വീട്ടിലെന്ന് കുടുംബം

DHARMENDRA
വെബ് ഡെസ്ക്

Published on Nov 12, 2025, 08:31 AM | 1 min read

മുംബൈ: ആരോ​ഗ്യം മോശമായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത നടൻ ധർമേന്ദ്ര ആശുപത്രി വിട്ടു. തുടർ ചികിത്സ വീട്ടിൽ നൽകാം എന്ന് കുടുംബം തീരുമാനിച്ചതിനെ തുടർന്നാണ് നടനെ ഡിസ്ചാർജ് ചെയ്തതെന്ന് ഡോക്ടർമാർ പറഞ്ഞു. 89 കാരനായ അദ്ദേഹം ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് നവംബർ ഒന്നിനാണ് നടനെ മുംബൈയിലുള്ള ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ 7.30 ഓടെയാണ് ധർമേന്ദ്രയെ ഡിസ്ചാർജ് ചെയ്തത്.


1960-ൽ പുറത്തിറങ്ങിയ ദിൽ ഭി തേരാ ഹം ഭി തേരേയിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. 60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളുടെ നിറസാന്നിധ്യമായിരുന്നു. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു.


കുറച്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, 2023 ൽ കരൺ ജോഹറിന്റെ റോക്കി ഔർ റാണി കീ പ്രേം കഹാനി എന്ന ചിത്രത്തിലൂടെ അദ്ദേഹം ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തി. ജയ ബച്ചൻ, ഷബാന ആസ്മി, രൺവീർ സിംഗ്, ആലിയ ഭട്ട് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു. 2025 ഡിസംബർ 25 ന് റിലീസ് ചെയ്യാൻ പോകുന്ന ഇക്കിസാണ് വരാനിരിക്കുന്ന ചിത്രം. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.


വരുന്ന ഡിസംബറിൽ നടന് 90 വയസ് തികയും. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം മുംബൈയ്ക്കടുത്തുള്ള ഖണ്ടാല ഫാം ഹൗസിലാണ് ധർമേന്ദ്ര താമസിക്കുന്നത്. 1980 നടി ഹേമ മാലിനിയെ ധർമേന്ദ്ര വിവാഹം ചെയ്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home