"മൃതദേഹം കുഴിച്ചിട്ടയാൾ വെള്ളം ചോദിച്ച് വന്നു" ധർമ്മസ്ഥല കേസിൽ വെളിപ്പെടുത്തലുമായി വീട്ടമ്മ

ധർമസ്ഥല: കൊലപാതക പരമ്പരയെ കുറിച്ചുള്ള വിവരം പുറത്തുവിട്ട ധർമ്മസ്ഥല കേസിലെ ശുചീകരണ തൊഴിലാളിയുടെ മൊഴി ശരിവെച്ച് ഒരു സാക്ഷി കൂടി രംഗത്ത്. മൃതദേഹം കുഴിച്ചിടുന്നത് നേരിട്ട് കണ്ടെന്ന വെളിപ്പെടുത്തലുമായി പ്രദേശവാസിയായ വീട്ടമ്മ പ്രത്യേക അന്വേഷണസംഘത്തെ സമീപിച്ചു.
മൃതദേഹങ്ങൾ കുഴിച്ചിടേണ്ടി വന്നെന്ന വെളിപ്പെടുത്തൽ നടത്തിയ തൊഴിലാളി കൃത്യം നടത്തുന്നത് കണ്ടെന്ന് അവർ വെളിപ്പെടുത്തി. വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയ ബോളിയാർ വനമേഖലയ്ക്കടുത്തു മൃതദേഹം കുഴിച്ചിടുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി.
മൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി ഇവരുടെ വീട്ടിലെത്തിയിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ചു, അതു പ്രകാരം വെള്ളം കൊടുത്തു. അതിന് ശേഷം കുഴിയെടുക്കാൻ ഉപയോഗിച്ച തൂമ്പ കഴുകിയെന്നും പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു.
ദുരൂഹമായ സ്ഥലങ്ങൾ
കൊലപാതക പരമ്പരയിൽ നേത്രാവതി സ്നാനഘട്ടിനു സമീപം രേഖപ്പെടുത്തിയ 13–ാമത് സ്പോട്ടിൽ ശുചീകരണത്തൊഴിലാളി മൃതദേഹം കുഴിച്ചിടുന്നതു കണ്ടെന്നും മൊഴി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ആറുപേരാണ് ഇത് സംബന്ധിച്ച് അന്വേഷണസംഘത്തിനു മൊഴി നൽകിയത്. നദിക്കു സമീപം കുഴിച്ചാൽ വെള്ളം ഉയരുന്ന സ്ഥലമാണ് ഇതെല്ലാം. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറാണ് പരിശോധനയ്ക്ക് പ്രയോജനപ്പെടുത്തുന്നത്.
ധർമസ്ഥല ക്ഷേത്രകവാടത്തിനുള്ളിൽ കുഴിയെടുത്ത് പരിശോധന നടത്തിയുന്നു. എന്നാൽ ഇവിടെ ഒന്നും കണ്ടെത്തിയിട്ടില്ല. ബാഹുബലിബെട്ട എന്ന പ്രതിഷ്ഠയുടെ തൊട്ടടുത്താണു കുഴിച്ച് പരിശോധന നടത്തിയത്. സാക്ഷി കൂടുതല്‍ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്ന് പറഞ്ഞ കല്ലേരി വനമേഖലയിലാണ് നിലവില്‍ തെരച്ചിൽ നടക്കുന്നത്. ഞായറാഴ്ച തെരച്ചിൽ ഇല്ല. നേത്രാവതി സ്‌നാനഘട്ടിനടുത്തും ദേശീയപാതക്കും സമീപത്തുള്ള നേരത്തെ അടയാളപ്പെടുത്തിയ 13 പോയന്റുകളിലും തെരച്ചിൽ പൂർത്തിയാക്കി.
പരാതിക്കാർക്കും മാധ്യമ പ്രവർത്തകർക്കും ഭീഷണി
അന്വേഷണ സംഘം ക്യാമ്പ് ചെയ്യുന്ന സ്ഥലത്തെ പ്രത്യേക പൊലീസ് സ്റ്റേഷനായി പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണകന്നഡ ജില്ലയിലെ ബെൽത്തങ്ങാടി താലൂക്കിലെ ധർമ്മസ്ഥലയ്‌ക്ക് സമീപം പങ്കല പ്രദേശത്ത് കഴിഞ്ഞ ദിവസം വാർത്ത റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയിരുന്നു. കേസിൽ കാണാതായ ഒരു പെൺകുട്ടിയുടെ അമ്മാവനെതിരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായി. സഞ്ചരിച്ചിരുന്ന കാർ ആക്രമിച്ച് കേട് വരുത്തി. 2017 ലെ കേസിലെ പെൺകുട്ടിയുടെ അമ്മാവനാണ് ആക്രമിക്കപ്പെട്ടത്.

16 വർഷത്തിലേറെയായി നടന്ന കൂട്ട ശവസംസ്കാരങ്ങൾ, ലൈംഗിക അതിക്രമങ്ങൾ, മറച്ചുവെക്കലുകൾ, തെളിവ് നശിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കർണാടകയിലെ ക്ഷേത്രനഗരമായ ധർമ്മസ്ഥലയിൽ ഭീതിയുടെ അന്തരീക്ഷം ഉയർത്തി. മരണങ്ങൾ സംബന്ധിച്ച് പത്ത് വർഷത്തെ രേഖകൾ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ നശിപ്പിച്ചതും വാർത്തയായി.
1998 നും 2014 നും ഇടയിൽ ദുരൂഹമായ ആക്രമണങ്ങൾക്ക് വിധേയമായ സ്ത്രീകളുടെയും പ്രായപൂർത്തിയാകാത്തവരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കാനും ദഹിപ്പിക്കാനും നിർബന്ധിച്ചുവെന്ന് ഏറ്റുപറഞ്ഞ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലാണ് അന്വേഷണത്തിന് വഴിതുറന്നത്.
അദ്ദേഹത്തിന്റെ പരാതിയിൽ എഫ്‌ഐആർ ഫയൽ ചെയ്യുകയും സാക്ഷികൾക്ക് സംരക്ഷണം നൽകുകയും ചെയ്തു. അസ്ഥികൂട അവശിഷ്ടങ്ങൾ കോടതിയിൽ ഹാജരാക്കി. ഇതിനിടെ പുതിയ കേസുകളും ഉയർന്നു വന്നു. 2003-ൽ ഒരു സ്ത്രീയുടെ തിരോധാനത്തെക്കുറിച്ചുള്ള പരാതി ഉൾപ്പെടെ കൂടുതൽ പേർ ധൈര്യത്തോടെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. ദേശീയ തലത്തിൽ വാർത്തയായതോടെ വിഷയം സമഗ്രമായി അന്വേഷിക്കാൻ സർക്കാർ എസ്‌ഐടി രൂപീകരിച്ചു.

മേഖലയിലെ അധികാര ഘടനകളെക്കുറിച്ച് തന്നെ സമാന്തര വ്യവസ്ഥ എന്ന നിലയ്ക്ക് പരാതിയുണ്ടായി. ഇതിനിടെ മാധ്യമങ്ങളിൽ വാർത്ത വരുന്നത് തടയാൻ വരെ നീക്കം ശക്തമായി. വിവരങ്ങൾ പുറത്ത് പറയാൻ ഭയം നേരിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. റിപ്പോർട്ട് ചെയ്യാൻ എത്തുന്നവർ നീരീക്ഷിക്കപ്പെട്ടു. പ്രത്യേക അധികാര ഘടനയുടെ സമ്മർദ്ദത്തിൽ മൂടിവച്ച കേസുകൾ എസ്‌ഐടി അന്വേഷണ പരിധിയിലാണ്.
അന്വേഷണത്തിനെതിരെ ബിജെപി
ധർമ്മസ്ഥലയ്ക്കെതിരെ നടക്കുന്നത് ദുരുദ്ദേശ്യപരമായ പ്രചാരണമാണെന്ന് ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിബിദനൂരി ബിജെപി എംഎൽഎ എസ്ആർ വിശ്വനാഥ് അന്വേഷണത്തിന് എതിരെ നടക്കുന്ന നീക്കങ്ങളെ ന്യായീകരിച്ചു. അന്വേഷണത്തിന് എതിരെ കാവിക്കൊടികളുമായി 200-ലധികം കാറുകൾ അണിനിരത്തി റാലി നടത്താനുള്ള പുറപ്പാടിലാണ്. ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായവരെ അടക്കം ചെയ്തുവെന്ന് ഒരാൾ പറഞ്ഞാൽ ആദ്യം അയാളെ തൂക്കിലേറ്റണം എന്നായിരുന്നു ദുരൂഹ കൊലപാതക പരമ്പരയെ കുറിച്ചുള്ള എം എൽ എയുടെ വാക്കുകൾ.









0 comments