അമ്മ തിരക്കുന്നു; സൗജന്യക്ക്‌ എന്തുപറ്റി?

Dharmasthala

ധർമസ്ഥല പാങ്ങളയിലെ സൗജന്യയുടെ വീട്ടിലേക്കുള്ള സൂചനാ ബോർഡ്

avatar
വിനോദ്‌ പായം

Published on Jul 21, 2025, 12:00 AM | 2 min read

ധർമസ്ഥല : പതിമൂന്ന് വർഷംമുമ്പ് കർണാടകത്തെ ഇളക്കിമറിച്ച കേസാണ് സൗജന്യയുടെ കൊലപാതകം. സിബിഐ അന്വേഷിച്ചിട്ടും പ്രതികളിലേക്കെത്താതെ, തേഞ്ഞുമാഞ്ഞുപോയ കേസ്. ഉജിരെ എസ്ഡിഎം കോളേജിൽ പിയുസി വിദ്യാർഥിയായിരുന്ന സൗജന്യയെ 2012 ഒക്‌ടോബർ ഒമ്പതിനാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്‌ത്‌ കൊന്നത്. ഉച്ചയ്‌ക്കുശേഷം കോളേജിൽനിന്ന്‌ വീട്ടിലെ പുത്തരി ചടങ്ങിനായി മടങ്ങിയതാണ്. ധർമസ്ഥലയിൽനിന്ന്‌ രണ്ടര കിലോമീറ്റർ അകലെ പാങ്ങളയിലേക്കാണ്‌ പോയത്‌. നേത്രാവതിഘട്ടിൽ ബസിറങ്ങി സൗജന്യ നടന്നു പോകുന്നത്‌ കണ്ടവരുണ്ട്. വൈകിയും വീട്ടിലെത്തിയില്ല. അമ്മ കുസുമാവതിയും അച്ഛൻ ചന്ദപ്പ ഗൗഡയും മകളെ തേടിയിറങ്ങി; പൊലീസിൽ അറിയിച്ചു. പിറ്റേന്ന് നേത്രാവതി ഘട്ടിന് അൽപ്പമകലെ കുറ്റിക്കാട്ടിൽ, സൗജന്യയുടെ അർധനഗ്നമായ മൃതദേഹം കിട്ടി. കോളേജ് തിരിച്ചറിയൽ കാർഡിന്റെ ടാഗ് കഴുത്തിൽ മുറുകിക്കിടപ്പുണ്ടായിരുന്നു.

തലേന്ന്‌ നല്ല മഴയുണ്ടായിരുന്നിട്ടും കാട്ടിൽ കണ്ടുകിട്ടുമ്പോൾ മകളുടെ ദേഹം തെല്ലും നനഞ്ഞിരുന്നില്ലെന്ന് അമ്മ കുസുമവതി ഇപ്പോഴും ഓർക്കുന്നു. പട്ടാപ്പകൽ നടന്ന കൊടുംപാതകത്തിന്റെ അന്വേഷണം തുടക്കത്തിലേ പാളി. വലിയ പ്രക്ഷോഭം ഉയർന്നു. മഹിളാ അസോസിയേഷൻ കേന്ദ്ര നേതാക്കൾ ധർമസ്ഥലയിലെത്തി. സിപിഐ എം ആഭിമുഖ്യത്തിൽ ധർമസ്ഥലയിലും മംഗളൂരുവിലും പ്രക്ഷോഭം നടത്തി. പ്രകാശ് കാരാട്ട് സൗജന്യയുടെ വീട്ടിലെത്തി വീടുകാരുടെയും ആക്‌ഷൻ കൗൺസിലിന്റെയും നിയമപോരാട്ടത്തിന് പിന്തുണ അറിയിച്ചു.


 ധർമസ്ഥല  ധർമസ്ഥല പാങ്ങളയിലെ വീട്ടിൽ മകൾ സൗജന്യയുടെയും ഭർത്താവ് 
ചന്ദപ്പ ഗൗഡയുടെയും ചിത്രത്തിന് മുന്നിൽ കുസുമവതി

ഒടുവിൽ സിബിഐ അന്വേഷണം. സമീപത്തുള്ള ഓട്ടോ ഡ്രൈവറെയും മറ്റും ചോദ്യം ചെയ്‌തതല്ലാതെ ഒന്നും സംഭവിച്ചില്ല. തെളിവില്ലെന്നുകാട്ടി കേസ് ചുരുട്ടിക്കെട്ടി. ഇതോടെ സൗജന്യയുടെ വീട്ടുകാർക്ക് ധർമസ്ഥലയിൽ ഊരുവിലക്ക്‌ നേരിടേണ്ടിവന്നു. ഓട്ടോക്കാർ പാങ്ങളയിലേക്ക് പോകാതായി. തങ്ങളെ കാണാൻ വരുന്നവർക്കായി റോഡരികിൽ ‘സൗജന്യയുടെ വീട്ടിലേക്കുള്ള വഴി' എന്ന ബോർഡ് വയ്‌ക്കേണ്ടി വന്നു കുടുംബത്തിന്. വളവിലും തിരിവിലുമായി ആറിടത്ത് ഇപ്പോഴും ഈ സൂചനാ ബോർഡുണ്ട്‌. ധർമസ്ഥലയിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സൗജന്യക്കും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ. പ്രത്യേക അന്വേഷണസംഘം വന്നാൽ സൗജന്യ കേസിനും തുമ്പാകുമെന്ന്‌ ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും പ്രതീക്ഷിക്കുന്നു.


സത്യാവസ്ഥ കര്‍ണാടക സര്‍ക്കാര്‍
പുറത്തുകൊണ്ടുവരണം:
മഹിളാ അസോസിയേഷൻ

ന്യൂഡൽഹി : ധർമസ്ഥലയിലെ മരണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന്‌ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്ന്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. 2012–-13ൽ മഹിളാ അസോസിയേഷൻ കർണാടക സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ന്‌ രാജ്യസഭാ എംപിയായിരുന്ന ടി എൻ സീമയുൾപ്പെടെ പങ്കെടുത്ത്‌ വിഷയത്തിൽ പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ചിരുന്നു. ബംഗളൂരുവിൽ തുടർച്ചയായി 10 ദിവസം കുത്തിയിരിപ്പ്‌ സമരം നടത്തി. പ്രതിഷേധങ്ങൾക്കൊടുവിലാണ്‌ കേസ്‌ സിബിഐക്ക്‌ കൈമാറാൻ കർണാടക സർക്കാർ തയ്യാറായത്‌.

എന്നാൽ, യഥാർഥ പ്രതികളെ സംരക്ഷിക്കുന്ന വിധിയാണ്‌ സിബിഐ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്‌. തെളിവുകൾ നശിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ കോടതി വിധി വന്നിട്ടും ബിജെപി, കോൺഗ്രസ്‌ സർക്കാരുകൾ തയ്യാറായില്ല. നീതിയുറപ്പാക്കാൻ മഹിളാ അസോസിയേഷൻ വീണ്ടും പ്രതിഷേധങ്ങളുയർത്തി. പുതിയ വെളിപ്പെടുത്തലുകൾക്ക്‌ ശേഷവും കർണാടകത്തിലെ കോൺഗ്രസ്‌ സർക്കാർ നിസംഗത തുടരുകയാണ്‌. കുറ്റാരോപിതരുടെ കുടുംബം ശക്തരായതിനാൽ സംരക്ഷിക്കാൻ ശ്രമിക്കുന്നത്‌ അത്യന്തം പ്രതിഷേധാർഹവും ക്രൂരവുമാണെന്നും മഹിളാ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home