ധർമസ്ഥല കൂട്ടക്കൊല ; എസ്‌ഐടിക്കായി അഭിഭാഷകസംഘം മുഖ്യമന്ത്രിയെ കണ്ടു

dharmasthala case

വെളിപ്പെടുത്തല്‍ നടത്തിയയാളെ കോടതിയിൽ എത്തിച്ചപ്പോൾ (ഫയൽ ചിത്രം)

avatar
വിനോദ്‌ പായം

Published on Jul 18, 2025, 04:39 AM | 1 min read


ധർമസ്ഥല

പത്തുവർഷം മുമ്പ്‌ നിരവധി സ്‌ത്രീകളെ കൊന്ന്‌ കുഴിച്ചിടാൻ സഹായിച്ചെന്ന ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) വേണമെന്ന സമ്മർദം ശക്തം.


കോളിളക്കമുണ്ടായിട്ടും എസ്‌ഐ തലത്തിലുള്ള ഉദ്യോഗസ്ഥനാണ്‌ ഇപ്പോഴും അന്വേഷിക്കുന്നത്‌. മുതിർന്ന അഭിഭാഷകരുടെ സംഘം മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദർശിച്ച്‌ എസ്‌ഐടി വേണമെന്ന്‌ നിവേദനം നൽകി.


വന്‍ രാഷ്‌ട്രീയ സ്വാധീനമുള്ള വ്യക്തികളാണ് കുറ്റകൃത്യങ്ങൾ ചെയ്‌തതെന്നാണ്‌ പരാതി. നിഷ്‌പക്ഷവും കർശനവുമായ അന്വേഷണം വേണം. സമഗ്ര ഫോറൻസിക് പരിശോധന, അതിന്റെ വീഡിയോ ചിത്രീകരണം തുടങ്ങിയ അഞ്ചിന ആവശ്യങ്ങളും സംഘം ഉന്നയിച്ചു.


രഹസ്യമൊഴി 
നൽകിയിട്ടും 
നടപടിയില്ല

താൻ കുഴിച്ചെടുത്തത്‌ എന്നവകാശപ്പെട്ട്‌ എല്ലുകളുമായി പരാതിക്കാരൻ കഴിഞ്ഞ 11ന്‌ ബൾത്തങ്ങാടി കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. സ്ഥലത്ത്‌ കുഴിച്ച്‌ പരിശോധിക്കാൻ കോടതി നിർദേശിച്ചു. ഒരാഴ്‌ചയായിട്ടും നടപടി തുടങ്ങിയിട്ടില്ല.

ക്ഷേത്രത്തിൽ 1995–-2014 കാലത്ത്‌ ജോലിചെയ്‌തയാളുടേതാണ്‌ ഭയപ്പെടുത്തുന്ന വെളിപ്പെടുത്തൽ.


"സ്‌ത്രീകളുടെ മൃതദേഹങ്ങളിൽ പലതിലും വസ്‌ത്രമോ അടിവസ്‌ത്രമോ ഇല്ലായിരുന്നു. ചിലതിൽ ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ ലക്ഷണമുണ്ടായിരുന്നു. വിദ്യാർഥിനികളടക്കം നൂറിലധികം സ്‌ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും കുഴിച്ചിടുകയും ചെയ്‌തു’– ധർമസ്ഥല പൊലീസ്‌ സ്റ്റേഷനിൽ ഇയാൾ നൽകിയ പരാതിയിൽ പറയുന്നു.


സ്വന്തം കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ ഇയാൾ ധർമസ്ഥലയിൽനിന്ന് ഒളിച്ചോടി. അയൽസംസ്ഥാനങ്ങളിൽ വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം തിരിച്ചെത്തിയായിരുന്നു വെളിപ്പെടുത്തൽ. പരാതിക്കൊപ്പം ആധാർ കാർഡും പഴയ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡുമടക്കം പൊലീസിൽ നൽകിയിട്ടുണ്ട്‌.


വെളിപ്പെടുത്തലിന്‌ ശേഷം, മകളുടെ തിരോധാനം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എംബിബിഎസ്‌ വിദ്യാർഥി അനന്യ ഭട്ടിന്റെ അമ്മ വീണ്ടും രംഗത്തുവന്നു. 2003-ൽ ധർമസ്ഥലയിലെ കോളേജിലേക്കുള്ള യാത്രക്കിടെയാണ്‌ അനന്യയെ കാണാതായത്‌. സിബിഐയിലെ മുൻ സ്റ്റെനോഗ്രാഫറായ അമ്മ സുജാത 11നാണ്‌ പരാതി നൽകിയത്‌.

2012-ൽ ധർമസ്ഥലയിൽ 17കാരിയായ സൗജന്യ എന്ന വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസ്‌ കർണാടകത്തെ ഞെട്ടിച്ചിരുന്നു. സിബിഐ അന്വേഷണം നടന്നെങ്കിലും ആരെയും ശിക്ഷിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home