സ്‌കൂൾ യൂണിഫോമില്‍ കുട്ടിയെ കുഴിച്ചിട്ടെന്ന് ; രഹസ്യമൊഴിയിലെ വിവരങ്ങൾ പുറത്ത്‌

Dharmasthala Mass Burial report
avatar
വിനോദ്‌ പായം

Published on Jul 25, 2025, 03:50 AM | 1 min read

ധർമസ്ഥല: പത്തുവർഷം മുമ്പ്‌ ധർമസ്ഥലയിൽ സ്‌ത്രീകളെയും കുട്ടികളെയും കൊന്നുകുഴിച്ചിട്ടെന്ന്‌ വെളിപ്പെടുത്തൽ നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്‌. കഴിഞ്ഞ 13ന്‌ ബൾത്തങ്ങാടി കോടതിയിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ യൂട്യൂബ്‌ ചാനലുകൾ പുറത്തുവിട്ടു. ധർമസ്ഥലക്കടുത്ത്‌ കല്ലേരി പെട്രോൾ പമ്പിന്‌ അരകിലോമീറ്റർ അകലെ വനമേഖലയിലാണ്‌ മൃതദേഹങ്ങൾ കുഴിച്ചിട്ടത്‌ എന്നാണ്‌ വിവരം. ഇതിനടുത്ത്‌ അരുവിയുള്ളതായും മൊഴിയുണ്ട്‌. നിലവിൽ അവിടെ മരങ്ങളും ചതുപ്പുമാണ്‌. കുഴിച്ചിട്ടതിൽ സ്‌കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയുടെ മൃതദേഹവുമുണ്ടെന്ന്‌ മൊഴിയിലുള്ളതായാണ് റിപ്പോര്‍ട്ട്.


അന്വേഷണത്തിന് കർണാടക സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷക സംഘം(എസ്‌ഐടി) ഇതുവരെ ധർമസ്ഥലയിൽ എത്തിയിട്ടില്ല. മൊഴിയിൽ പറയുന്ന സ്ഥലത്ത്‌ കുഴിച്ചാൽ തെളിവുകൾ പുറത്തുവരുമെന്ന്‌ ആക്‌ഷൻ കൗൺസിൽ പറഞ്ഞു.


ഡിസിപി സൗമ്യലത പിന്മാറി

പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിൽനിന്ന് ഡിസിപി സൗമ്യലത പിന്മാറി. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പിന്മാറ്റമെന്നാണ്‌ വിശദീകരണം. പകരം അംഗത്തെ ഉടൻ പ്രഖ്യാപിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. കർണാടക ആഭ്യന്തര സുരക്ഷാ ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള എസ്‌എടിയിൽ 17 അംഗങ്ങളെ കൂടി ചേർത്ത്‌ വിപുലീകരിച്ചു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ചിക്കമഗളൂരു ജില്ലകളിലെ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥരടക്കം സംഘത്തിലുണ്ട്‌. ധർമസ്ഥല പൊലീസ്‌ സ്റ്റേഷനിൽ 39/2025 നമ്പറായി രജിസ്റ്റർചെയ്‌ത കേസാണ്‌ അന്വേഷിക്കുന്നത്‌.


338 മാധ്യമങ്ങൾക്ക്‌ നോട്ടീസ്‌

ധർമസ്ഥലയിലെ വെളിപ്പെടുത്തലിനുശേഷം വരുന്ന വാർത്തകൾ തടയണമെന്ന്‌ കാട്ടി യൂട്യൂബ്‌ ചാനലുകളടക്കം പ്രമുഖ മാധ്യമങ്ങൾക്കെതിരെ കവിയറ്റ്‌ ഹർജി. ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾക്കും വിഷയത്തിൽ ചാനൽ ചർച്ചകൾ നടത്തുന്നവർക്കും നോട്ടീസുണ്ട്‌. ബംഗളൂരു ശാന്തല നഗർ കസ്‌തൂർബ റോഡിലെ പരേതനായ രത്‌ന വർമ ഹെഡ്‌ഡെയുടെ മകൻ ഡി ഹർഷേന്ദ്രകുമാറാണ്‌ അഭിഭാഷകൻ വഴി നോട്ടീസ്‌ അയച്ചത്‌.

ദേശീയ മാധ്യമങ്ങൾക്കും മലയാളത്തിലെ പ്രമുഖ അച്ചടി മാധ്യമങ്ങൾക്കും ചാനലുകൾക്കും നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. ധർമസ്ഥല പൊലീസിൽ രജിസ്റ്റർചെയ്‌ത കേസിന്റെ പേരിൽ മഞ്ജുനാഥേശ്വര ക്ഷേത്രത്തിനും ട്രസ്റ്റ്‌ അധികാരികൾക്കും മാനഹാനിയുണ്ടാക്കുംവിധം വാർത്ത നൽകുന്നത്‌ തടയണമെന്നാണ്‌ വാദം.



deshabhimani section

Related News

View More
0 comments
Sort by

Home