കുഴിച്ചുള്ള പരിശോധനകൾ നിർത്തിവച്ചെന്ന്‌ 
നിയമസഭയിൽ അറിയിച്ചു

ധർമസ്ഥല അന്വേഷണം പൂട്ടിക്കെട്ടി ; വെളിപ്പെടുത്തിയ വ്യക്തിക്കെതിരെ നടപടി

Dharmasthala Mass Burial
വെബ് ഡെസ്ക്

Published on Aug 19, 2025, 02:57 AM | 1 min read


ബംഗളൂരു

ധർമസ്ഥലയിൽ നൂറുകണക്കിന്‌ സ്‌ത്രീകളെ കൊന്നുകുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷക സംഘം (എസ്‌ഐടി) നടത്തുന്ന അന്വേഷണത്തിനെതിരെ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി രംഗത്ത്‌. കുഴിച്ചുള്ള പരിശോധനകൾ നിർത്തിവച്ചതായി അഭ്യന്തരമന്ത്രി ജി പരമേശ്വര നിയമസഭയെ അറിയിച്ചു. എസ്‌ഐടിക്ക്‌ അന്വേഷണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാം. അന്വേഷണത്തിനെതിരെ ബിജെപി ആവശ്യപ്പെട്ട ചർച്ചയ്‌ക്ക്‌ മറുപടിയായാണ്‌ ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം.


വെളിപ്പെടുൽ നടത്തിയ വ്യക്തിക്കെതിരെ നിയമനടപടി വേണ്ടിവരുമെന്ന്‌ ഞായറാഴ്‌ച അഭ്യന്തരമന്ത്രി മൈസൂരുവിൽ പറഞ്ഞിരുന്നു. ധർമസ്ഥലയിലെ കോടിക്കണക്കിന്‌ ഭക്തരെ അപമാനിക്കുകയാണ്‌ എസ്‌ഐടിയെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ബി വൈ വിജയേന്ദ്ര എംഎൽഎയും ധർമസ്ഥലയെ അപകീർത്തിപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പറഞ്ഞതോടെ അന്വേഷണങ്ങൾ പൂട്ടിക്കെട്ടുമെന്ന്‌ ഉറപ്പായിരുന്നു.


ബലാത്സംഗത്തിന്‌ ഇരയായി കൊല്ലപ്പെട്ട നിരവധി സ്‌ത്രീകളുടെ മൃതദേഹങ്ങൾ താൻ കുഴിച്ചിട്ടെന്നുമുള്ള ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തൽ വാർത്തയായതോടെ മുഖം രക്ഷിക്കാൻ ജൂലൈ 19ന്‌ രൂപീകരിച്ച എസ്‌ഐടിയുടെ അന്വേഷണമാണ്‌ ഒരുമാസം കഴിയുമ്പോൾ പൂട്ടിക്കെട്ടുന്നത്‌. ​ധർമസ്ഥല ട്രസ്റ്റ്‌ അധികാരിയും രാജ്യസഭാംഗവുമായ വീരേന്ദ്ര ഹെഗ്‌ഡെയെ, എസ്‌ഐടി അന്വേഷണ സമയത്തുതന്നെ, കർണാടക ബിജെപി, കോൺഗ്രസ്‌ നേതാക്കൾ സന്ദർശിച്ചിരുന്നു. ബിജെപി ‘ധർമസ്ഥല ചലോ’ യാത്രയും സംഘടിപ്പിച്ചു. തിരിച്ചടി ഭയന്നാണ്‌ കോൺഗ്രസ്‌ സർക്കാർ അന്വേഷണം നിർത്തിവയ്‌ക്കുന്നത്‌.


അന്വേഷണം തുടങ്ങിയതുമുതൽ വാർത്തകൾ ധർമസ്ഥലയിലെ പ്രമുഖർ പ്രതിക്കൂട്ടിലാകാതിരിക്കാൻ സർക്കാരും പൊലീസും കിണഞ്ഞുശ്രമിച്ചു. വെളിപ്പെടുത്തൽ നടത്തിയത്‌ മുസ്ലിമാണെന്നും അതിനുപിന്നിൽ കേരള സർക്കാരാണെന്നുംവരെ കർണാടക പ്രതിപക്ഷ നേതാവ്‌ ആർ അശോക ആരോപിച്ചു. ചില യുട്യൂബ്‌ ചാനലുകളും ഇടതുപക്ഷക്കാരുമാണ്‌ പ്രശ്‌നമുണ്ടാക്കുന്നതെന്ന്‌ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു. ​ധർമസ്ഥലയ്‌ക്കെതിരെ വാർത്ത നൽകരുതെന്ന്‌ കാട്ടി ട്രസ്റ്റ്‌ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home