ധർമസ്ഥല ; അന്വേഷണവുമായി ദേശീയ മനുഷ്യാവകാശ കമീഷനും

മംഗളൂരു
ധർമസ്ഥലയില്‍ ആളുകളെ കൊന്ന് കുഴിച്ചുമൂടിയെന്ന വെളിപ്പെടുത്തലില്‍ ദേശീയമനുഷ്യാവകാശ കമീഷനും അന്വേഷണം തുടങ്ങി. നാലംഗസംഘം ബള്‍ത്തങ്ങാടി താലൂക്കില്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു. സീനിയര്‍ എസ് പി യുവരാജ് നയിക്കുന്ന സംഘം പത്തുവര്‍ഷത്തിനിടെ സ്ഥലത്ത് കാണാതായവരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസില്‍ നിന്നും ശേഖരിച്ചു.
ഡ്രോൺ റഡാർ പരിശോധന തുടരുന്നു
ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലത്ത് ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. 18 അടിയോളം കുഴിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുഴിയിൽ വെള്ളം നിറഞ്ഞതോടെ പരിശോധന തടസപ്പെട്ടു. ഡ്രോൺ റഡാർ പരിശോധന വരും ദിവസങ്ങളിലും തുടരണമോ എന്നുൾപ്പെടെയുള്ള കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം യോഗം ചേർന്ന് തീരുമാനമെടുക്കും.
പദ്മലതയുടെ സഹോദരി പരാതി നൽകി
ധർമസ്ഥല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പദ്മലത(18)യുടെ മരണം പുനരന്വേഷിക്കണമെന്ന് സഹോദരിയുടെ പരാതി.
1986 ഡിസംബർ 22ന് ഉജിരെ എസ്‌ഡിഎം കോളേജ് വിദ്യാർഥിനിയായിരിക്കുമ്പോഴാണ് പദ്മലതയെ കാണാതായത്. 56 ദിവസത്തിനുശേഷം, നേത്രാവതി പുഴയിൽ കണ്ടെത്തി. കർണാടകയിലെ സിപിഐ എം നേതാവായിരുന്ന കൊല്ലം സ്വദേശി ദേവാനന്ദിന്റെ മകളാണ് ഇവർ.









0 comments