സാക്ഷി എത്തിയില്ല; മാധ്യമ സംഘത്തെ ആക്രമിച്ചതിന് കേസ്

ധർമസ്ഥല
ധർമസ്ഥലയിൽ കൊല്ലപ്പെട്ട സൗജന്യയുടെ വീട്ടിൽ വാർത്ത ശേഖരിക്കാനെത്തിയ മാധ്യമസംഘത്തെ അക്രമിച്ചവർക്കെതിരെ കേസെടുത്തു. കുഡ്ല രാംപേജ് എന്ന യുട്യൂബ് സംഘത്തെയടക്കം അക്രമിച്ചതിന് ധർമസ്ഥല പൊലീസ് നാലുകേസും ഉജിരെ ആശുപത്രിയിൽ സംഘമായി അക്രമം നടത്തിയതിന് ബൾത്തങ്ങാടി പൊലീസ് മൂന്നുകേസുമാണ് എടുത്തത്. സൗജന്യയുടെ അമ്മാവന്റെ വാഹനവും അക്രമിസംഘം തകർത്തിരുന്നു.
അതേസമയം, വ്യാഴാഴ്ച തിരച്ചിൽ നടന്നില്ല. അഭിഭാഷകസംഘത്തിനൊപ്പമുള്ള സാക്ഷി, തിരച്ചിലിന് ഹാജരാകാത്തതിനാലാണിത്. വ്യാഴാഴ്ച മാധ്യമസംഘത്തെ ആക്രമച്ചതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകസംഘം സാക്ഷിയെ ഹാജരാക്കാത്തത്. വെള്ളിയാഴ്ച സാക്ഷി എത്തിയാൽ തിരച്ചിൽ തുടർന്നേക്കും.
അതിനിടെ, ധർമസ്ഥല ശുചീകരണത്തൊഴിലാളിയായ സാക്ഷി മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടെന്ന വെളിപ്പെലുത്തലുമായി ആറ് പ്രദേശവാസികൾ പ്രത്യേക അന്വേഷകസംഘത്തെ സമീപിച്ചു. ഇവരെ സാക്ഷികളാക്കുന്നതിൽ തീരുമാനമായിട്ടില്ല. മൃതദേഹങ്ങൾ കുഴിച്ചിടാൻ പഞ്ചായത്ത് ജീവനക്കാരുടെ സഹായം ലഭിച്ചെന്ന സാക്ഷിമൊഴിയിൽ, മുൻ ജീവനക്കാരെയും എസ്ഐടി ചോദ്യം ചെയ്യുന്നുണ്ട്.
ധർമസ്ഥല ക്ഷേത്രഭാരവാഹി സുപ്രീംകോടതിയിൽ
കർണാടക ധർമസ്ഥലയിലെ കൂട്ടക്കുഴിമാടങ്ങളെ സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ കീഴ്‌ക്കോടതി ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ക്ഷേത്രഭാരവാഹി സുപ്രീംകോടതിയിൽ. ധർമ്മസ്ഥല ക്ഷേത്ര ഉടമകളായ കുടുംബത്തിനെതിരെ 8,000 യുട്യൂബ് ചാനലുകൾ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്ന് അവകാശപ്പെട്ട് ക്ഷേത്ര സ്ഥാപനങ്ങളുടെ സെക്രട്ടറി ഹർഷേന്ദ്ര കുമാറാണ് അപ്പീൽ സമർപ്പിച്ചത്.









0 comments