പാതിരാവിൽ ഞാൻ കണ്ടു ; അവളെയും വേട്ടക്കാരെയും’

Dharmasthala Mass Burial

ധർമസ്ഥലയ്ക്കടുത്ത് പുതുബെട്ടു തോട്ടിൽ 2009 ൽ പെൺകുട്ടിയുടെ 
മൃതദേഹം കണ്ട സ്ഥലത്ത് ബെന്നി ജോസഫ്

avatar
വിനോദ്‌ പായം

Published on Jul 20, 2025, 05:26 AM | 1 min read



ധർമസ്ഥല

പത്തു വർഷം മുമ്പ് ധർമസ്ഥലയിൽ നിരവധി സ്‌ത്രീകളെ കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ, ഇത്തരം ക്രൂരകൃത്യം നേരിട്ടു കണ്ടെന്ന സാക്ഷ്യവുമായി മലയാളി ലോറി ഡ്രൈവർ. ധർമസ്ഥല നെല്യാടിയിലെ ബെന്നി ജോസഫാണ് 16 വര്‍ഷംമുമ്പുള്ള പാതിരാവിൽ താൻ കണ്ട, ഭീകരദൃശ്യം വെളിപ്പെടുത്തിയത്.


മംഗളൂരു- സുബ്രഹ്മണ്യ റെയിൽവെ ലൈനിനായി കരിങ്കല്ല് ഇറക്കുന്ന ടിപ്പർ ലോറി ഡ്രൈവറാണ് ബെന്നി. 2009 ഡിസംബറില്‍ ഒരുനാൾ പുലർച്ചെ മൂന്നിന് ഗുരുവാനിക്കരയിലെ സാന്നിധ്യ ക്രഷറിൽനിന്ന്‌ കല്ലുമായി സുബ്രഹ്മണ്യയിലേക്ക് പോയതാണ്. ധർമസ്ഥലയിൽ നിന്ന് ഒന്നര കിലോമീറ്റർ കഴിഞ്ഞ് പുതുമ്പെട്ട് ക്രോസിലെത്തിയപ്പോൾ, ഒരു പെൺകുട്ടി റോഡിലൂടെ ഓടി വരുന്നു. നഗ്നയായ അവളുടെ ദേഹത്താകെ ചോര പൊടിയുന്നുണ്ടായിരുന്നു. ലോറി നിർത്തി. എന്തുപറ്റിയെന്ന്‌ കന്നഡയിൽ ചോദിച്ചെങ്കിലും കിതപ്പോടെ, ലോറിയുടെ പിറകുവശത്തേക്ക് ഓടിപ്പോയി.


പിന്നാലെ മഞ്ഞ ഇൻഡിക്ക കാറിൽ, വെള്ളമുണ്ടും വെള്ള ഷാളും ധരിച്ച ഷർട്ടിടാത്ത നാലു പേർ ചാടിയിറങ്ങി. ലോറി റോഡിൽ നിർത്തിയിട്ടതിൽ ചീത്ത വിളിച്ചു. ഉടൻ സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ താൻ, ഉടൻ ലോറിയുമായി സ്ഥലം വിട്ടതായി ബെന്നി പറഞ്ഞു.


മൂന്നാം നാൾ, അതേ പെൺകുട്ടിയുടെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിൽ പുതുബെട്ടിലെ തോട്ടിൽ പൊങ്ങി. മൃതദേഹം കരയിൽ എടുത്തിട്ട്, സമീപത്തുളളവരോട്, തിരിച്ചറിയാൻ പറ്റുമോ എന്നൊക്കെ പൊലീസ് ചോദിക്കുന്നുണ്ടായിരുന്നു. അതേ റൂട്ടിൽ ലോറിയുമായി പോയ താനും ആ ശരീരം കണ്ടു.


വീട്ടുകാരോട് അന്നുതന്നെ ഇക്കാര്യം പറഞ്ഞു. ഇപ്പോൾ ധർമസ്ഥലയിലെ വെളിപ്പെടുത്തൽ വന്നപ്പോൾ, അതിനൊപ്പം ചേരണമെന്ന് തോന്നിയതിനാലാണ്, പഴയ സത്യം ഇപ്പോൾ പറയുന്നത്. പുതിയ അന്വേഷണം വന്നാൽ ഏത് കോടതിയിലും മൊഴിനൽകുമെന്ന് ബെന്നി പറഞ്ഞു.


1995 മുതൽ 2014 വരെ നൂറിലധികം സ്‌ത്രീകളുടെ മൃതദേഹം സംസ്‌കരിച്ചുവെന്നാണ് ധർമസ്ഥലയിലെ ക്ഷേത്രം മുൻ ജീവനക്കാരൻ കഴിഞ്ഞ മൂന്നിന് വെളിപ്പെടുത്തിയത്. പ്രത്യേകസംഘത്തെ വച്ച് അന്വേഷണം സജീവമാക്കണമെന്ന മുതിർന്ന അഭിഭാഷകരുടെ ആവശ്യം കോൺ​ഗ്രസ് സർക്കാർ വകവയ്‍ക്കുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home