ധർമസ്ഥല വെളിപ്പെടുത്തൽ ; തിരച്ചിൽ കൂടുതൽ സ്ഥലങ്ങളിലേക്ക്

ധർമസ്ഥല
ധർമസ്ഥലയിൽ സാക്ഷി ചൂണ്ടിക്കാട്ടിയ സ്ഥലത്തിനു പുറമെ പുതിയ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ച് പ്രത്യേക അന്വേഷകസംഘം. കഴിഞ്ഞദിവസം അസ്ഥിഭാഗങ്ങൾ കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്തായി പതിനാലാമത്തെ പോയിന്റ് അടയാളപ്പെടുത്തിയാണ് പരിശോധിച്ചത്. ബുധനാഴ്ചത്തെ തിരച്ചലിൽ കൂടുതൽ തെളിവുകളൊന്നും കണ്ടെത്താനായില്ല. പത്തുവർഷം മുമ്പ് സ്ത്രീകളെ കൊന്നുകുഴിച്ചിട്ടുവെന്ന് സാക്ഷി ചൂണ്ടിക്കാണിച്ച നേത്രാവതി സ്നാന ഘട്ടിന് സമീപത്തെ 13 ഇടങ്ങളിലേയും പരിശോധന പൂർത്തിയാക്കി. തിങ്കളാഴ്ച നിരവധി അസ്ഥി ഭാഗങ്ങൾ കണ്ടെത്തിയ 11 എ സ്ഥലത്തിന് അടുത്തായാണ് പതിനാലാമത്തെ സ്ഥലം.
സാക്ഷി ചൂണ്ടിക്കാണിക്കുന്ന സ്ഥലങ്ങളിലെല്ലാം വിശദമായ തെരച്ചിൽ നടത്താനാണ് നിലവിൽ എസ്ഐടി തീരുമാനം. ബുധനാഴ്ച എസ്ഐടി മേധാവി പ്രണാബ് മൊഹന്തി സാക്ഷിയായ ശുചീകരണ തൊഴിലാളിയുടെ വിശദ മൊഴി രേഖപ്പെടുത്തി.
വനമേഖലയിലും, സ്വകാര്യ എസ്റ്റേറ്റിലും അടക്കം കൂടുതൽ സ്ഥലങ്ങൾ അടയാളപ്പെടുത്താനും തീരുമാനിച്ചു. അന്വേഷകസംഘം അവലോകനയോഗവും ചേർന്നു. അതേസമയം ധർമസ്ഥലയിലെ വെളിപ്പെടുത്തൽ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവിനെതിരെ കൂടുതൽ മാധ്യമങ്ങൾ ഹർജിയുമായി എത്തി. ദ ന്യൂസ് മിനിറ്റാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്.









0 comments