39 വർഷം: ഓർമകൾക്കില്ല ചാവും ചിതയും

ധർമസ്ഥല ബൊളിയാറിലെ വീട്ടിൽ പത്മലതയുടെ അമ്മ തങ്കമ്മ, സഹോദരി ചന്ദ്രാവതി എന്നിവർ

വിനോദ് പായം
Published on Jul 19, 2025, 04:22 AM | 2 min read
ധർമസ്ഥല
പത്തുവർഷം മുമ്പ് നിരവധി സ്‌ത്രീകളെ കുഴിച്ചിട്ടെന്ന ധർമസ്ഥല മുൻ ക്ഷേത്ര ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ കർണാടകം തരിച്ചുനിൽക്കെ, 39 വർഷം മുമ്പത്തെ കൊടുംപാതകം മനസ്സിൽനിന്ന് മായാതെ പത്മലതയുടെ കുടുംബം. സിപിഐ എം ബൾത്തങ്ങാടി താലൂക്ക് കമ്മറ്റിയംഗമായിരുന്ന എം കെ ദേവാനന്ദിന്റെ മകളായ പത്മലതയെ കാണാതായത് 1986ൽ.
ഉജിരെ എസ്ഡിഎം കോളേജിൽ പിയുസി രണ്ടാം വർഷ വിദ്യാർഥി. 1986 സിസംബർ 22ന് വൈകിട്ട് കോളേജിൽനിന്ന് മടങ്ങുംവഴി കാണാതായി. ധർമസ്ഥലയിലെ അണ്ണപ്പബട്ടയിൽ ബസിറങ്ങിയത് കണ്ടവരുണ്ട്. അവിടെനിന്ന് ബോളിയാറിലെ വീട്ടിലേക്ക് മൂന്നുകിലോമീറ്റർ ജീപ്പിൽ പോകണം. ജീപ്പ്സ്റ്റാൻഡിലേക്ക് പോയതായി ബസിൽ ഒപ്പമുണ്ടായിരുന്ന പത്മലതയുടെ അമ്മാവൻ സാക്ഷ്യപ്പെടുത്തുന്നു. പിന്നെ കാണാനില്ല. വീട്ടുകാരും പാർടിക്കാരും രാത്രിതന്നെ തിരച്ചിൽ നടത്തി. പിറ്റേന്ന് കോളേജിൽ അന്വേഷിച്ചു. ബൾത്തങ്ങാടി പൊലീസിലും പരാതി നൽകി. ആദ്യം കേസെടുക്കാൻ മടിച്ചെങ്കിലും, സിപിഐ എം നേതാക്കളുടെ സമ്മർദഫലമായി കേസെടുത്തു.
ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലം. എതിരില്ലാതെയാണ് അക്കാലം തെരഞ്ഞെടുപ്പെല്ലാം. ആദിവാസി വിഭാഗങ്ങളുടെ കുടിയിറക്കലിനെതിരെ ദേവാനന്ദിന്റെ നേതൃത്വത്തിൽ പ്രക്ഷോഭവും സജീവം. ഇതിന്റെ തുടർച്ചയായി, തെരഞ്ഞെടുപ്പിൽ ദേവാനന്ദിനെ ഏഴാം വാർഡ് മൊളിക്കാറിൽ സിപിഐ എം മത്സരിപ്പിച്ചു. മകളെ കാണാതായി ഒരാഴ്‌ച കഴിഞ്ഞപ്പോൾ, സ്ഥാനാർഥിത്വം പിൻവലിച്ചാൽ മകളെ തിരിച്ചെത്തിക്കാമെന്ന് ചില ഉന്നതർ അറിയിച്ചു. പാർടി നിശ്ചയപ്രകാരം ദേവാനന്ദ് സ്ഥാനാർഥിത്വം പിൻവലിച്ചെങ്കിലും മകൾ തിരിച്ചെത്തിയില്ല.
58–-ാം ദിവസം ഫെബ്രുവരി 17ന് കുതിരായം പുഴയിൽ കൈയും കാലും കെട്ടിയിട്ട നിലയിൽ പെൺ അസ്ഥികൂടം കണ്ടെത്തി. കൈയിൽ കെട്ടിയ വാച്ച് പത്മലതയുടെതെന്ന് കുടുംബം തിരിച്ചറിഞ്ഞു.
കമ്യൂണിസ്റ്റുകാരുടെ കേസ് അന്വേഷിക്കാനില്ലെന്ന ലോക്കൽ പൊലീസ് നിലപാടിൽ സിപിഐ എം സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ഉയർത്തി. തുടർന്ന് കർണാടക സിഐഡി അന്വേഷണം. പത്മലത സ്ഥിരം സഞ്ചരിക്കുന്ന ജീപ്പ് ഡ്രൈവർക്ക് കസ്റ്റഡിമർദനമേറ്റതല്ലാതെ മറ്റൊന്നുമുണ്ടായില്ല. ദീർഘകാലം നിയമപോരാട്ടം നടത്തിയ ദേവാനന്ദ് അഞ്ചുവർഷം മുമ്പ് മരിച്ചു. കേസ് തെളിവില്ലാതെ സിഐഡി അവസാനിപ്പിച്ചു. പത്മലതയുടെ അമ്മ തങ്കമ്മ ഇപ്പോൾ ഓർമകൾ നഷ്‌ടപ്പെട്ട് ബൊളിയാറിലെ വീട്ടിലുണ്ട്. ദേവാനന്ദിനൊപ്പം നിയമപോരാട്ടം നടത്തിയ മകൻ രവീന്ദ്രൻ ജോലിചെയ്‌ത ബാങ്കിൽ ആത്മഹത്യ ചെയ്‌തു. കേസ് പിൻവലിപ്പിക്കാൻ ഇദ്ദേഹത്തിന് മേലും സമ്മർദമുണ്ടായിരുന്നു. ബാങ്കിടപാടിന്റെ പേരിൽ കള്ളക്കേസുമെടുത്തിരുന്നു.
പത്മലതയുടെ മൂന്ന് സഹോദരിമാർ ഇപ്പോഴുണ്ട്. ഇവരിൽ ചന്ദ്രവതിക്കൊപ്പമാണ് തങ്കമ്മ.
സംഭവത്തിനുശേഷം അയൽക്കാരും ബന്ധുക്കളും വീട്ടിൽ വരാൻ ഭയന്നതായി ചന്ദ്രവതി ഓർക്കുന്നു. വീട്ടുകാർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കാണാനെത്തുന്ന പാർടിക്കാരുടെ വീട്ടിൽ ഗുണ്ടകളും പൊലീസും അഴിഞ്ഞാടി. 80 വർഷം മുമ്പ് കോട്ടയത്തുനിന്ന് ധർമസ്ഥലയിലേക്ക് കുടിയേറിയ കുടുംബമാണിത്.
രഹസ്യമൊഴി പൊലീസ് ചോർത്തി
ധർമസ്ഥലയിൽ യുവതികളെ കൂട്ടമായി കുഴിച്ചിട്ടെന്ന് പരാതി നൽകിയയാളുടെ രഹസ്യമൊഴി പൊലീസ് ചോർത്തിയതായി മുതിർന്ന അഭിഭാഷകരുടെ സംഘം. പ്രത്യേക അന്വേഷക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്ക്ക് നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പരാതിക്കാരന്റെ വിശ്വാസ്യത തകർക്കാൻ പൊലീസ് ബോധപൂർവം പ്രവർത്തിച്ചു. രഹസ്യമൊഴി നൽകുന്ന ദൃശ്യങ്ങൾ യൂട്യൂബ് ചാനലിൽ വന്നു. 11 മണിക്കൂറോളം ദൃശ്യം യൂട്യൂബിലുണ്ടായിരുന്നു. മൂന്നാം കക്ഷിക്കായി പൊലീസ് എല്ലാ വിവരങ്ങളും ചോർത്തുന്നതായി മുതിർന്ന അഭിഭാഷകരായ ദ്വാരകാനാഥ്, എസ് ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചൂണ്ടിക്കാട്ടി.
ആഭ്യന്തരമന്ത്രി ജി പരമേശ്വര, കർണാടക ഡിജിപി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കും സംഘം നിവേദനം നൽകി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാൽ ഗൗഡയും ആവശ്യപ്പെട്ടു. പരാതിക്കാരനും അദ്ദേഹത്തെ സഹായിക്കുന്ന അഭിഭാഷകർക്കും വല്ലതും സംഭവിച്ചാൽ ആഭ്യന്തരമന്ത്രിയും ഡിജിപിയും ഉത്തരവാദികളാകുമെന്നും ഗൗഡ പറഞ്ഞു.
പ്രത്യേക സംഘം രൂപീകരിക്കുന്നതിൽ പ്രശ്നമില്ല: സിദ്ദരാമയ്യ ധർമസ്ഥല വെളിപ്പെടുത്തൽ വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതിൽ സർക്കാരിന് പ്രശ്നമൊന്നുമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിൽ പ്രത്യേക സമ്മർദമൊന്നുമില്ല. നിയമപ്രകാരം എല്ലാം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments