ധർമസ്ഥലയിൽ പരിശോധന ; 7 തലയോട്ടിയും നൂറിലധികം അസ്ഥിഭാഗവും കിട്ടി

ധർമസ്ഥല
ധർമസ്ഥലയ്‌ക്കെതിരെ വ്യാജപ്രചാരണമെന്ന നിലയിൽ വാർത്തകൾ വരുന്നതിനിടെ, ഏഴ് തലയോട്ടിയും നൂറിലധികം എല്ലിൻ കഷണങ്ങളും അന്വേഷകസംഘം (എസ്‌ഐടി) കണ്ടെത്തി. ബുധനും വ്യാഴവും നേത്രാവതിക്കരയിലെ ബംഗ്ലാഗുഡ്ഡെയിൽ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.
കണ്ടെത്തിയ എല്ലുകൾ ലിംഗം, പ്രായം, മരിച്ച വർഷം എന്നിവ കണ്ടെത്താനുള്ള ഫോറൻസിക്ക് പരിശോധനക്കായി മാറ്റി. പത്തുവർഷം മുന്പുവരെ നൂറിലധികം സ്‌ത്രീകളെ കൊന്നുകുഴിച്ചിട്ടുവെന്നായിരുന്നു ശുചീകരണ തൊഴിലാളി ജൂണിൽ വെളിപ്പെടുത്തിയത്. എന്നാൽ ഇവയെല്ലാം വ്യാജമാണെന്ന് പ്രചരിക്കുന്നതിനിടയിലാണ് പുതിയ തെളിവുകൾ വരുന്നത്.
വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി ചിന്നയ്യ ഇപ്പോൾ റിമാൻഡിലാണ്. ഇയാൾ മുന്പ് തെളിവായി ഹാജരാക്കിയ അസ്ഥികൾ 2012ൽ ധർമസ്ഥലയിൽ കൊല്ലപ്പെട്ട സൗജന്യയുടെ അമ്മാവൻ വിറ്റൽ ഗൗഡ നൽകിയതാണെന്ന് പറഞ്ഞിരുന്നു. ഗൗഡയെ ചോദ്യം ചെയ്‌തപ്പോഴാണ് ബംഗ്ലാഗുഡ്ഡെയിൽ അസ്ഥികൾ ഉണ്ടെന്ന വിവരം എസ്‌ഐടിക്ക് ലഭിക്കുന്നത്. കൊച്ചുകുട്ടിയുടേത് ഉൾപ്പെടെ എട്ടുപേരുടെ മൃതദേഹ അവശിഷ്ടങ്ങൾ ബംഗ്ലാഗുഡ്ഡെയിൽ ഉണ്ടെന്ന് ഗൗഡ പ്രാദേശിക ചാനലിൽ വെളിപ്പെടുത്തി. ഇതേ തുടർന്നാണ് പരിശോധന നടത്തിയത്.









0 comments