മാധ്യമവിലക്ക് ഹൈക്കോടതി തടഞ്ഞു
ധർമസ്ഥല ; തിരച്ചിൽ ഇന്ന് റോഡരികിലേക്ക്


വിനോദ് പായം
Published on Aug 02, 2025, 02:15 AM | 1 min read
ധർമസ്ഥല
ധർമസ്ഥലയിൽ സ്ത്രീകളെ കൊന്നുകുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ പരിശോധന തുടരുന്നു. നേത്രാവതി സ്‌നാനഘട്ടിനും പാലത്തിനും ഇടയിൽ അടയാളപ്പെടുത്തിയ രണ്ട് സ്ഥലത്താണ് വെള്ളിയാഴ്‌ച തിരച്ചിൽ നടത്തിയത്. പ്രത്യേകിച്ചും ഒന്നും കണ്ടെത്താനായില്ല.
വെള്ളി പകൽ 11.30 ഓടെയാണ് സാക്ഷിയുമായി എസ്‌ഐടി സംഘം എത്തിയത്. വ്യാഴാഴ്‌ച അസ്ഥിക്കഷണങ്ങൾ കിട്ടിയ സ്ഥലത്തിന്റെ തൊട്ടടുത്താണ് പരിശോധന നടത്തിയത്. ചെറിയ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് തിരച്ചിൽ.
ശനിയാഴ്‌ച മംഗളൂരു ധർമസ്ഥല സംസ്ഥാന പാതയുടെ അരികിൽ തിരച്ചിൽ തുടരും. ഈ ഭാഗത്ത് അഞ്ചിടത്ത് സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്‌ച കിട്ടിയ അസ്ഥിക്കഷണങ്ങൾ ഫോറൻസിക്ക് പരിശോധനയ്‍ക്കായി മാറ്റി.
പരാതി നൽകാം
ധര്‍മസ്ഥലയിൽ ആരെയെങ്കിലും കാണാതായെന്ന് പരാതിയുണ്ടെങ്കിൽ എസ്‌ഐടിക്ക് നേരിട്ട് നൽകാം. മംഗളൂരു കദ്രി മല്ലിക്കട്ടെയിൽ ഓഫീസ് തുറന്നു. ഫോൺ: 08242005301, വാട്‌സാപ്പ്: 9277986369. ഇ മൈയിൽ: [email protected]
മാധ്യമവിലക്ക് ഹൈക്കോടതി തടഞ്ഞു
ധർമസ്ഥലയിലെ വെളിപ്പെടുത്തൽ സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിക്കുന്നത് വിലക്കിയ ബൾത്തങ്ങാടി സിറ്റി സിവിൽ സെഷൻസ് കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. മലയാളത്തിലെയടക്കം 338 മാധ്യമങ്ങൾക്കാണ് ധർമസ്ഥല ക്ഷേത്ര ട്രസ്‌റ്റിന് അപകീർത്തികരമാകുന്ന വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് കാട്ടി നോട്ടീസ് കിട്ടിയത്. ഇതാണ് ഹൈക്കോടതി ജസ്റ്റിസ് എം നാഗപ്രസന്ന റദ്ദാക്കിയത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണഘടനാ വിരുദ്ധമായ നിയന്ത്രണമാണിത്. ഗുരുതര ക്രിമിനൽ സാധ്യത ഉൾപ്പെടുന്ന വിഷയത്തിൽ പൊതുജനങ്ങളുടെ അറിയാനുള്ള അവകാശം നിയന്ത്രിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. കുഡ്‌ല റാം പേജ് എന്ന യൂട്യൂബ് ചാനലാണ് മാധ്യമ വിലക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.









0 comments