ധര്‍മസ്ഥല വെളിപ്പെടുത്തൽ; കോടതിയിൽ മൊഴി നൽകി മുൻ ജീവനക്കാരൻ

അനീഷ് ബാലൻ
Published on Jul 13, 2025, 02:24 AM | 1 min read
മംഗളൂരു: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നൂറിലധികം സ്ത്രീകളുടെയും പെൺകുട്ടികളുടെയും മൃതദേഹങ്ങൾ അടക്കം ചെയ്‌തെന്ന് വെളിപ്പെടുത്തിയ മംഗളൂരു ധർമസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളി കോടതിയിൽ മൊഴി നൽകി. തെളിവിനായി സൂക്ഷിച്ച അസ്ഥികൂട ഭാഗങ്ങളും ഹാജരാക്കി. കനത്ത പൊലീസ് സുരക്ഷയിൽ മുഖമടക്കം മറച്ചാണ് ബെൽത്തങ്ങാടി കോടതിയിൽ അഭിഭാഷകര്‍ക്കൊപ്പം എത്തി പ്രിൻസിപ്പൽ സിവിൽ ജഡ്‌ജും ഫസ്‌റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റുമായ കെ സന്ദേശിന് മുന്നിൽ മൊഴി നൽകിയത്. ഇയാൾക്ക് സുരക്ഷ നൽകാൻ കോടതി പൊലീസിന് നിര്‍ദേശം നൽകി. അസ്ഥികൂടഭാഗങ്ങൾ പൊലീസ് ഏറ്റെടുത്തു. വെളിപ്പെടുത്തലിൽ ധർമസ്‌ഥല പൊലീസ് നേരത്തെ കേസ് എടുത്തിരുന്നെങ്കിലും അന്വേഷണ നടപടികളിലെ മെല്ലെപ്പോക്കിൽ വിമര്‍ശം ശക്തമായിരുന്നു. 1995-2014 കാലഘട്ടത്തിൽ ധർമസ്‌ഥല ക്ഷേത്രത്തിനു കീഴിൽ ശുചീകരണ തൊഴിലാളിയായിരുന്ന പരാതിക്കാരൻ, ആ കാലയളവിൽ ബലാത്സംഗംചെയ്യപ്പെട്ട് കൊല്ലപ്പെട്ട നൂറിലധികം പെൺകുട്ടികളുടെയും സ്ത്രീകളുടെയുംമൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി കുഴിച്ചിട്ടു എന്നായിരുന്നു വെളിപ്പെടുത്തൽ. തന്റെ കുടുബത്തിലെ ഒരു പെൺകുട്ടിക്ക് നേരെയും ലൈംഗിക അക്രമം ഉണ്ടായതോടെ കുടുംബ സമേതം മറ്റൊരു സംസ്ഥാനത്തേക്ക് ഇയാൾ ഒളിവിൽ പോയി. കുറ്റബോധം കൊണ്ടും കൊല്ലപ്പെട്ടവർക്കു നീതിലഭിക്കേണ്ടതിനാലുമാണ് ഈ വെളിപ്പെടുത്തൽ നടത്തുന്നത് എന്നാണ് പരാതിയിൽ പറഞ്ഞത്.









0 comments