ഡൽഹിയിൽ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി

ന്യൂഡൽഹി : രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. ബുധനാഴ്ച ഡൽഹിയിലെ അമ്പതോളം സ്കൂളുകളിലാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും അഗ്നിശമന സേനാംഗങ്ങളും സ്കൂളുകളിൽ തിരച്ചിൽ നടത്തി.
മാളവ്യ നഗറിലെ എസ്‌കെവി സ്‌കൂളിലും പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂളിലും രാവിലെ 7.40 നും 7.42 നുമാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ മറ്റ് സ്കൂളുകളില്‍ നിന്നും ഭീഷണി സന്ദേശമെത്തിയതായി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. സ്കൂളുകളിലെ ഐടി സിസ്റ്റം ഹാക്ക് ചെയ്തെന്നും പണം നൽകണമെന്നും മിക്ക സന്ദേശങ്ങളിലും ആവശ്യപ്പെട്ടിട്ടുണ്ട്. ടെററൈസേഴ്സ് 111 എന്ന പേരിലുള്ള ഗ്രൂപ്പിൽ നിന്നാണ് മെയിൽ സന്ദേശങ്ങൾ എത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിഎവി പബ്ലിക് സ്കൂൾ, ഫെയ്ത്ത് അക്കാദമി, ഡൂൺ പബ്ലിക് സ്കൂൾ, സർവോദയ വിദ്യാലയ എന്നീ സ്കൂളുകൾക്കും ഭീഷണി സന്ദേശം ലഭിച്ചു.
ആഗസ്ത് 18 ന് നഗരത്തിലെ 32 സ്കൂളുകൾക്ക് സമാനമായ ഭീഷണികൾ ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ ഭീഷണി വരുന്നത്. ഭീഷണി വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. കൂടുതൽ സ്കൂളുകൾ ലക്ഷ്യമിട്ടിരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഡിഎഫ്എസ് മുന്നറിയിപ്പ് നൽകി. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി വ്യാപകമാകുന്നത്.









0 comments