ഡൽഹി കലാപം : മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവ് , ബിജെപിക്ക് വൻ തിരിച്ചടി

ന്യൂഡൽഹി : ഡൽഹി കലാപത്തിൽ ബിജെപി നേതാവും ഡൽഹി നിയമമന്ത്രിയുമായ കപിൽ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ റൗസ് അവന്യൂ കോടതി ഉത്തരവിട്ടു. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ പശ്ചാത്തലത്തിൽ 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ 53 പേർ കൊല്ലപ്പെട്ട കലാപത്തിൽ കപിൽ മിശ്രക്ക് ഡൽഹി പൊലീസ് നൽകിയ ക്ലീന്‍ ചിറ്റ് തള്ളിയ കോടതി നടപടി ബിജെപിക്ക് കനത്ത തിരിച്ചടിയായി.കർദാംപുരിയിൽ മിശ്രയും മറ്റുള്ളവരും പൊലീസ് സാന്നിധ്യത്തിൽ അക്രമം നടത്തുന്നതിന് സാക്ഷിയാണെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യമുന വിഹാർ സ്വദേശി മുഹമ്മദ് ഇല്യാസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
കുറ്റകൃത്യം നടക്കുമ്പോള്‍ കപിൽ മിശ്ര അവിടെയുണ്ടായിരുന്നുവെന്നത് വ്യക്തമാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വൈഭവ് ചൗരസ്യ ഉത്തരവിൽ പറഞ്ഞു. കലാപത്തില്‍ മിശ്രയ്ക്ക് പങ്കുണ്ടോയെന്ന കാര്യത്തില്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും ഒന്നും കണ്ടെത്തിയില്ലെന്നുമുള്ള ഡൽഹി പൊലീസിന്റെ റിപ്പോർട്ട് കോടതി തള്ളി. പ്രോസിക്യൂഷൻ തെളിവുകൾ മിശ്ര സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നുവെന്നും കലാപമുണ്ടായതിന് തലേദിവസം വടക്ക് കിഴക്കന്‍ ജില്ലയിൽ ഉണ്ടായിരുന്നെന്ന് മിശ്ര തന്നെ സമ്മതിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞു. മിശ്രയെ കേസിൽ കുടുക്കാൻ ശ്രമിച്ചതാണെന്നും മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലെ പ്രതിഷേധങ്ങളാണ് കലാപമായി മാറിയതെന്നുമാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡൽഹി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
മിശ്രയും അനുയായികളും റോഡ് തടയുകയും തെരുവ് കച്ചവടക്കാരുടെ ഉന്തുവണ്ടികള്‍ തകര്‍ക്കുന്നത് കണ്ടെന്നും ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി. വാട്‌സ് ആപ്പിലൂടെ വിദ്വേഷപ്രചാരണം നടത്തിയതും അക്രമങ്ങൾക്ക് കപിൽ മിശ്ര നേതൃത്വം നൽകിയതും ഹർജിയിലുണ്ട്. മിശ്രയ്‌ക്ക് പുറമേ ബിജെപി എംഎൽഎ മോഹൻ സിങ് ബിഷ്‌ട്, മുൻ എംഎൽഎമാരായ ജഗദീഷ് പ്രധാൻ, സത്പാൽ സൻസദ്, അന്നത്തെ ദയാൽപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അടക്കമുള്ളവർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മിശ്ര നടത്തിയ വിദ്വേഷപ്രചാരണം കലാപത്തിലേക്ക് നയിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് കീഴിലുള്ള ഡൽഹി പൊലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.









0 comments