ഡൽഹിയിൽ 13 എഎപി കൗണ്‍സിലര്‍മാർ രാജിവെച്ചു, പുതിയ പാർട്ടി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ടിയിൽ നിന്നും 13 കൗണ്‍സിലർമാർ രാജിവെച്ചു. പുതിയ പാര്‍ട്ടി രൂപീകരിച്ചതായി പ്രഖ്യാപിച്ചു. മുകേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള വിമത നീക്കത്തിന് തുടർച്ചയായണ്. ഡല്‍ഹി മുനിസിപ്പൽ കോര്‍പ്പറേഷൻ എഎപി കക്ഷി നേതാവായിരുന്നു മുകേഷ് ഗോയല്‍.
നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ വളർന്ന വിഭാഗീയത ഇതോടെ കടുത്ത നിലയിൽ പുറത്തെത്തുകയാണ്. ഹേം ചന്ദ് ഗോയലിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാർ ചേർന്ന് ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ടി എന്ന പേരിൽ പുതിയ സംഘടന പ്രഖ്യാപിച്ചു.
ഫെബ്രുവരിയില്‍ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മുകേഷ് ഗോയല്‍ എഎപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഹേംചന്ദ് ഗോയൽ, മുകേഷ് ഗോയൽ, ഹിമാനി ജെയിൻ, ദേവീന്ദർ കുമാർ, രാജേഷ് കുമാർ ലാഡി, സുമൻ അനിൽ റാണ, ദിനേശ് ഭരദ്വാജ്, രുണാക്ഷി ശർമ്മ, മനീഷ, സാഹിബ് കുമാർ, രാഖി യാദവ്, ഉഷ ശർമ്മ, അശോക് പാണ്ഡെ എന്നിവരെല്ലാം വിമത പക്ഷത്താണെന്നാണ് റിപ്പോർട്.
15 പേർ രാജിവെച്ചതായാണ് ഹിമാനി ജെയിൻ അവകാശപ്പെട്ടത്. പാർടി പ്രഖ്യാപന വേളയിൽ 11 പേരാണ് ഹാജരായിരുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
ഫെബ്രുവരിയിൽ, ആൻഡ്രൂസ് ഗഞ്ചിൽ നിന്നുള്ള അനിത ബസോയ, ഹരി നഗറിൽ നിന്നുള്ള നിഖിൽ ചപ്രാന, ആർകെ പുരത്തിൽ നിന്നുള്ള ധർമ്മവീർ സിംഗ് എന്നീ മൂന്ന് എഎപി കൗൺസിലർമാർ ബിജെപിയിലേക്ക് കൂറുമാറിയതിനെത്തുടർന്ന് ബിജെപി നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നിരുന്നു.
തുടർച്ചയായ കൂറുമാറ്റങ്ങൾക്കിടയിൽ ഉലഞ്ഞ് ഏപ്രിൽ 25 ന് നടക്കാനിരുന്ന മേയർ തിരഞ്ഞെടുപ്പിൽ നിന്ന് എഎപി അടുത്തിടെ പിന്മാറിയിരുന്നു. ഇത് എംസിഡി ഏറ്റെടുക്കാൻ ബിജെപിക്ക് വഴിയൊരുക്കുകയും ചെയ്തു.
അഴിച്ചുപണി ഫലം ചെയ്തില്ല
കഴിഞ്ഞ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയിൽ എത്തിയവരാണ് ഇപ്പോൾ വിട്ടുപോയതിൽ ഏറെപേരും. 25 വര്‍ഷമായി മുനിസിപ്പൽ കൗണ്‍സിലറായി തുടരുന്ന ഗോയല്‍ 2021-ലാണ് കോണ്‍ഗ്രസ് വിട്ട് എഎപിയിൽ എത്തുന്നത്.
മാർച്ചിൽ ആം ആദ്മി പാർട്ടി സംഘടനാതലത്തിൽ അഴിച്ചുപണി നടത്തിയിരുന്നു. മുൻ മന്ത്രി സൗരഭ് ഭരദ്വാജിനെ ഡൽഹി ഘടകത്തിന്റെ പുതിയ പ്രസിഡന്റായി നിയമിച്ചു. രണ്ടു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെ ചുമതലയിലേക്ക് മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും നിയമിച്ചു. എങ്കിലും വിഭാഗീയത അടങ്ങിയില്ല.
0 comments