മലയാളി യുവാവ് നിയന്ത്രിച്ചിരുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിൽ

ബെംഗളൂരു: കേരള പൊലീസ് നൽകിയ സൂചന പ്രകാരം അന്താരാഷ്ട്ര ലഹരിമരുന്ന് സംഘത്തെ ഡല്‍ഹി പോലീസ് വലയിലാക്കി. കർണാടക പൊലീസുമായി സഹകരിച്ചളുള അന്വേഷണത്തിലാണ് മലയാളി യുവാവ് നിയന്ത്രിച്ചിരുന്ന മയക്കുമരുന്ന് സംഘം വലയിലായത്.
രണ്ട് നൈജീരിയന്‍ പൗരന്മാരും ദമ്പതിമാരും ഉള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോഗ്രാം മെത്താംഫെറ്റാമൈന്‍ പിടിച്ചെടുക്കുകയും ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു.
മലയാളികളായ എ.എം. സുഹൈല്‍ (31), കെ.എസ്. സുജിന്‍ (32), നൈജീരിയന്‍ പൗരന്മാരായ ടോബി എന്‍വോയെകെ എന്ന ഡെക്കോ (35), ചിക്വാഡോ നാകെ കിംഗ്സ്ലി (29), ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ദമ്പതികളായ എം.ഡി. സഹീദ് (29), ഭാര്യ സുഹ ഫാത്തിമ (29) എന്നിവരാണ് അറസ്റ്റിലായത്.
കേരളം, ഡല്‍ഹി. ബെംഗളൂരു എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള വിതരണ ശൃംഖല സൃഷ്ടിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ എന്നും കണ്ടെത്തി. കേരള പോലീസില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുഹൈലിനെ നിരീക്ഷിച്ച് വരികയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളിയാണ് സുഹൈല്‍ എന്നും കണ്ടെത്തിയതായി അറിയിച്ചു.
'ജൂലായ് 19-ന് തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു ഗസ്റ്റ് ഹൗസില്‍ നിന്ന് സുഹൈലിനെയും സഹായി സുജിനെയും കണ്ടെത്തി. ഏകദേശം ആറ് കിലോഗ്രാം (5,950 ഗ്രാം) മെത്താംഫെറ്റാമൈന്‍ (മെത്ത്) പിടിച്ചെടുക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്കും കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തി' ഡിസിപി പറഞ്ഞു. ഇതിന് പിന്നാലെ തുടരന്വേഷണം വ്യാപിപ്പിച്ചു.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി പ്രവര്‍ത്തിക്കുന്ന ഒരു നൈജീരിയന്‍ പൗരനാണ് തങ്ങള്‍ക്ക് ലഹരി എത്തിച്ചിരുന്നതെന്ന് ഇരുവരും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. താന്‍ വര്‍ഷങ്ങളായി ബെംഗളൂരുവിലാണ് താമസിക്കുന്നതെന്നും സുഹൈലിന് മെത്ത് വിതരണം ചെയ്തിരുന്നതായും ഡെക്കോ പോലീസിനോട് പറഞ്ഞു.
ഇന്ത്യയിലെ മയക്കുമരുന്ന് കടത്ത് പ്രവര്‍ത്തനങ്ങളുടെ പ്രധാന സൂത്രധാരന്‍ നൈജീരിയയിലാണെന്നും രാജ്യത്ത് താമസിക്കുന്ന ആഫ്രിക്കന്‍ പൗരന്മാര്‍ വഴിയാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നും ഡെക്കോ വെളിപ്പെടുത്തിയതായി ഡിസിപി ഇന്ദോര പറഞ്ഞു.
മയക്കുമരുന്ന് കടത്തി പണം നല്‍കിയിരുന്നത് ബെംഗളൂരുവിലെ ദമ്പതികളായിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലീസ് ഒരു സംഘത്തെ ബെംഗളൂരുവിലേക്ക് അയച്ചു. ദിവസങ്ങളുടെ നിരീക്ഷണത്തിനൊടുവില്‍, ബൊമ്മനഹള്ളിയിലെ ഒരു പെയിംഗസ്റ്റ് താമസസ്ഥലത്ത് നിന്ന് ദമ്പതികളായ സുഹ ഫാത്തിമയെയും സഹീദിനെയും സംഘം അറസ്റ്റ് ചെയ്തു.
മയക്കുമരുന്നിന് അടിമയായിരുന്ന ആദ്യ ഭര്‍ത്താവ് വഴിയാണ് സുഹ ഫാത്തിമ മയക്കുമരുന്ന് വ്യാപാരത്തിലേക്ക് എത്തിയത്. സഹീദുമായുള്ള വിവാഹത്തിന് ശേഷം ദമ്പതികള്‍ സുഹൈലിന്റെ മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പണം നല്‍കി. തുടക്കത്തില്‍ ചെറിയ അളവിലായിരുന്നു മയക്കുമരുന്ന് വാങ്ങിയത്. പിന്നീട് വലിയ ഇടപാടുകളിലേക്ക് കടന്നതായി അവര്‍ സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.
ദുബായില്‍ നിന്ന് മടങ്ങിയ ശേഷം 2019-ലാണ് സുഹൈല്‍ ഒരു മയക്കുമരുന്ന് ഉപഭോക്താവായി വരികയും പിന്നീട് വ്യാപരം തുടങ്ങിയതെന്നും പോലീസ് അറിയിച്ചു. വിജനമായ സ്ഥലങ്ങളില്‍ മയക്കുമരുന്ന് പാക്കറ്റുകള്‍ ഉപേക്ഷിച്ച് വാങ്ങുന്നവര്‍ക്ക് ചിത്രങ്ങളും സ്ഥലവും പങ്കുവെക്കുന്ന രീതിയാണ് സുഹൈല്‍ സ്വീകരിച്ചിരുന്നത്.









0 comments