യുവജന പ്രക്ഷോഭം അടിച്ചമർത്താൻ കർമപദ്ധതി ; നീക്കങ്ങളുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി
നേപ്പാളിലെ യുവജനപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സമാനമായ പ്രതിഷേധങ്ങൾ നേരിടാൻ പ്രത്യേക കർമപദ്ധതിയുമായി ഡൽഹി പൊലീസ്. രാജ്യതലസ്ഥാനത്ത് സമാനമായ പ്രക്ഷോഭങ്ങൾ അരങ്ങേറിയാൽ അടിച്ചമർത്താൻ ആവശ്യമായ കർമപദ്ധതി രൂപീകരിക്കാൻ ഡൽഹി പൊലീസ് കമീഷണർ സതീഷ് ഗോൽച്ഛ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. രഹസ്യാന്വേഷണ, സായുധ പൊലീസ് വിഭാഗങ്ങൾക്കാണ് നിർദേശം നൽകിയത്.
ഡൽഹി പൊലീസിന്റെ പക്കലുള്ള ആയുധങ്ങളും സാങ്കേതികവിദ്യകളും ഇത്തരം പ്രതിഷേധങ്ങളെ നേരിടാൻ പര്യാപ്‌തമാണോയെന്ന് പരിശോധിക്കാൻ പ്രത്യേകസമിതിക്ക് കമീഷണർ രൂപംകൊടുത്തിരുന്നു. ‘യുവജനങ്ങൾ കൂടുതൽ അണിനിരക്കുന്ന, കൃത്യമായ നേതൃത്വമില്ലാത്ത പ്രക്ഷോഭങ്ങളെ നേരിടാൻ കാര്യക്ഷമമായ നടപടികൾ വേണം’ എന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടികളെന്നാണ് വിവരം.
പ്രക്ഷോഭങ്ങളെ ‘മുളയിലേ നുള്ളാൻ’ വിവിധ ജില്ലകളിലെ പൊലീസ് സേനകളും സൈബർ സെല്ലുകളും അർധസൈനിക വിഭാഗങ്ങളും യോജിച്ച് കർമപദ്ധതി രൂപീകരിക്കാനാണ് നീക്കം. അതിർത്തികളികൾ കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുക, തന്ത്രപ്രധാനമേഖലകളിൽ ഡ്രോൺനിരീക്ഷണം ശക്തമാക്കുക, വലിയ ആൾക്കൂട്ടങ്ങളെ വേഗം പിരിച്ചുവിടാൻ അർധസൈനിക വിഭാഗങ്ങളും പൊലീസും അടിയന്തിര നടപടി സ്വീകരിക്കുക, ക്രമസമാധാനനില പരിപാലിക്കാൻ റിസർവ്‌ഡ് പൊലീസ് വിഭാഗത്തെ അതിവേഗം രംഗത്തിറക്കുക, സമൂഹമാധ്യമങ്ങൾ വഴി ആളുകളെ കൂട്ടാനുള്ള നീക്കം നിരീക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേക കർമപദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.









0 comments