'സർബത്ത് ജിഹാദ്' പരാമർശം: രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : വിവാദമായ സർബത്ത് ജിഹാദ് പരാമർശത്തിൽ പതഞ്ജലി സ്ഥാപകന്‍ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. പ്രസ്താവനയെ ന്യായീകരിക്കാനാവാത്തത് എന്നു പറഞ്ഞ കോടതി മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് പരാമർശമെന്നും പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഹംദർദിന്റെ ജനപ്രിയ പാനീയമായ റൂഹ് അഫ്സയെപ്പറ്റിയാണ് രാംദേവ് വിവാദ പരാമർശം നടത്തിയത്. ഹംദർദ് ലാബോറട്ടറീസ് രാംദേവിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ ജസ്റ്റിസ് അമിത് ബൻസാലാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.
അപകീർത്തികരവും വർഗീയവുമായ പ്രസ്താവനയാണ് തങ്ങളുടെ ഉൽപ്പന്നത്തെ ലക്ഷ്യമിട്ട് രാംദേവ് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. രാംദേവിന്റെ വാക്കുകളെ രൂക്ഷമായി വിമർശിച്ച കോടതി വിഷയത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. ഇതോടെ രാംദേവ് സർബത്ത് ജിഹാദ് പരാമർശവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളും പരസ്യങ്ങളും വീഡിയോകളും ഉടൻ നീക്കം ചെയ്യാമെന്ന് കോടതിയെ അറിയിച്ചു. കുറച്ചു സമയത്തിനു ശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോൾ പ്രിന്റായും വീഡിയോ രൂപത്തിലുമുള്ള എല്ലാ പോസ്റ്റുകളും പരസ്യങ്ങളും രാംദേവ് നീക്കം ചെയ്തതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇനി ഇത്തരം പ്രസ്താവനകൾ നടത്തില്ലെന്നും പരസ്യങ്ങൾ പ്രദർശിപ്പിക്കില്ലെന്നും അഞ്ചുദിവസത്തിനുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും രാംദേവിനോട് കോടതി ആവശ്യപ്പെട്ടു. മെയ് ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
ഏപ്രിൽ മൂന്നിനാണ് രാംദേവ് ഹംദർദിനെപ്പറ്റിയും റൂഹ് അഫ്സയെപ്പറ്റിയും വിവാദ പരാമർശങ്ങൾ നടത്തിയത്. ഫാർമസ്യൂട്ടിക്കൽ കമ്പനി ഉൽപ്പന്നങ്ങൾ വിറ്റ് ലഭിക്കുന്ന പണം കൊണ്ട് പള്ളികളും മദ്രസകളുമാണ് പണിയുന്നതെന്നും സർബത്ത് ജിഹാദാണ് നടക്കുന്നതെന്നുമായിരുന്നു വിവാദ പരാമർശം. പതഞ്ജലിയുടെ ശീതളപാനീയങ്ങളുടെ പ്രചരണത്തിനിടെയായിരുന്നു രാംദേവിന്റെ വിവാദ പരാമർശം. സർബത്ത് ജിഹാദ് എന്ന വിഷത്തിൽനിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക. പതഞ്ജലി സർബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് ഫേസ്ബുക്കിൽ രാംദേവിന്റെ വീഡിയോ പങ്കുവെച്ചത്. ലവ് ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സർബത്ത് ജിഹാദെന്നും ആളുകൾ അതിൽ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് വീഡിയോയിൽ പറയുന്നുണ്ട്. തുടർന്ന് ഹംദർദ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മാധ്യമങ്ങൾക്കു മുന്നിൽ സർബത്ത് ജിഹാദ് പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണ് രാംദേവ്.









0 comments