ലെഫ്റ്റനന്റ് ഗവർണറുടെ ഇടപെടലിനെതിരായ കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹിയിൽ എഎപി ഭരണകാലത്ത് ലെഫ്റ്റനന്റ് ഗവർണറുടെ അമിതാധികാരത്തിനെതിരെ ഫയൽ ചെയ്ത എഴ് കേസുകൾ പിൻവലിക്കാൻ ബിജെപി സർക്കാർ. യമുന ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതുൾപ്പെടെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അധികാര പ്രയോഗത്തെ ചോദ്യം ചെയ്ത് നൽകിയ കേസുകൾ പിൻവലിക്കുന്നതായി അറിയിച്ച് സർക്കാർ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു.
ബിജെപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ സമർപ്പിച്ച അപേക്ഷ വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്യാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.
ഖരമാലിന്യ സംസ്കരണം, യമുന ശുചീകരണം എന്നിവയുൾപ്പെടെ നിരവധി കമ്മിറ്റികളിലെ ലെഫ്റ്റനന്റ് ഗവർണറുടെ (എൽ-ജി) അമിതാധികാരത്തെയും ഇതിനായി കേന്ദ്രം നിർമ്മിച്ച നിയമങ്ങളുടെയും ഓർഡിനൻസുകളുടെയും സാധുതയെയും ചോദ്യം ചെയ്ത കേസുകളാണ്.
"ഈ കാര്യങ്ങൾ ഇനി ഈ കോടതിയെ ബുദ്ധിമുട്ടിക്കരുത്," എന്ന് സർക്കാരിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയിൽ പറഞ്ഞു. ഈ കേസുകളെല്ലാം വെള്ളിയാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്തു.
യമുനാ നദിയുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച ഉന്നതതല സമിതിയെ എൽ-ജി നയിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ വഴി (എൻജിടി) പുറപ്പെടുവിച്ച ഉത്തരവ് അന്നത്തെ എഎപി സർക്കാർ സമർപ്പിച്ച കേസിന്റെ അടിസ്ഥാനത്തിൽ 2023 ജൂലൈയിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.









0 comments