നാഷണൽ ഹെറാൾഡ് കേസിൽ ഇ ഡി ആവശ്യം തള്ളി: അവ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ നോട്ടീസ് അയക്കാൻ കഴിയില്ല

ന്യൂഡൽഹി: നാഷണല്‍ ഹെറാല്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തിരിച്ചടി. ഇഡി സമര്‍പ്പിച്ച കുറ്റപത്രം പരിശോധിച്ച റോസ് അവന്യു കോടതി വ്യക്തമായ രേഖകള്‍ നല്‍കാതെ സോണിയയ്ക്കും രാഹുലിനും നോട്ടീസ് അയയ്ക്കാന്‍ പറ്റില്ല എന്ന് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റി.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഒന്നാംപ്രതിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ കേസിൽ ഇഡി കഴിഞ്ഞ ആഴ്ചയാണ് പ്രോസിക്യൂഷന്‍ കംപ്ലെയിന്റ് നല്‍കിയത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ഏഴ് പ്രതികള്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കണം എന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട വ്യക്തമായ രേഖകള്‍ ഹാജരാക്കാതെയും ബോധ്യം വരാതെയും നോട്ടീസ് അയയ്ക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഹര്‍ജിയിലെ പിഴവുകള്‍ തിരുത്തുകയും കൃത്യമായ രേഖകള്‍ ഹാജരാക്കുകയും വേണമെന്നും റോസ് അവന്യു ജില്ലാ കോടതി ആവശ്യപ്പെട്ടു.
ഹാജരാക്കാൻ സമയം അനുവദിച്ചാണ് കേസ് പരിഗണിക്കുന്നത് മെയ് രണ്ടിലേക്ക് മാറ്റിയത്. 2000 കോടി രൂപയുടെ സ്വത്തുക്കള്‍ 50 ലക്ഷം രൂപ നല്‍കി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും 38% വീതം ഓഹരികളുള്ള യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി തട്ടിയെടുത്തു എന്നതാണ് നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതി. 2012 നവംബറില്‍ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നൽകിയ കേസാണ്. ഇതുമായി ബന്ധപ്പെട്ട ഒരു സിവില്‍ ക്രിമിനല്‍ കംപ്ലെയിന്റ് കോടതിയുടെ പരിഗണനയിലുണ്ട്.









0 comments