ചിത്രങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നു; എം എഫ്‌ ഹുസൈന്റെ പെയിന്റിങ്ങുകൾ പിടിച്ചെടുക്കാൻ കോടതിയുടെ നിർദേശം

Image of a gavel
വെബ് ഡെസ്ക്

Published on Jan 23, 2025, 10:39 PM | 1 min read

ന്യൂഡൽഹി: ഹിന്ദുദൈവങ്ങളെ അവഹേളിക്കുന്ന പെയിന്റിങ്ങുകൾ അസ്വസ്ഥതയും പ്രകോപനവും ഉണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രകാരൻ എം എഫ്‌ ഹുസൈന്റെ രണ്ട്‌ പെയിന്റിങ്ങുകൾ ഡൽഹി ആർട്ട്‌ ഗ്യാലറിയിൽ നിന്നും പിടിച്ചെടുക്കാൻ ഡൽഹി കോടതിയുടെ നിർദേശം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചുള്ള ഹർജിയിൽ എഫ്ഐആർ സമർപ്പിക്കാൻ ഡൽഹി കോടതി വിസമ്മതിക്കുകയും സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമില്ല, ചിത്രങ്ങൾ പിടിച്ചെടുക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.


പരാതിയിൽ ഉന്നയിച്ചിട്ടുള്ള വസ്‌തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്‌ ചിത്രങ്ങൾ പിടിച്ചെടുക്കാൻ ഉത്തരവ്‌ പുറപ്പെടുവിക്കുകയാണെന്ന്‌ ജഡ്‌ജി അറിയിച്ചു. ഡൽഹി ആർട്ട് ഗാലറിയിലെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നും ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സാഹിൽ മോംഗ പറഞ്ഞു. "എല്ലാ തെളിവുകളും പരാതിക്കാരന്റെ കൈവശം ഉള്ളതിനാൽ ഈ ഘട്ടത്തിൽ അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേഷണവും തെളിവുകളുടെ ശേഖരണവും ആവശ്യമില്ലെന്ന്‌' കോടതി പറഞ്ഞു.


കഴിഞ്ഞമാസം ഡൽഹി ആർട്ട്‌ ഗ്യാലറിയിൽ എത്തിയ സംഘപരിവാർ ആഭിമുഖ്യമുള്ള അഭിഭാഷകയായ അമിതാസച്ച്‌ദേവയാണ്‌ പെയിന്റിങ്ങുകൾ പ്രകോപനപരമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ പാർലമെന്റ്‌ സ്‌ട്രീറ്റ്‌ പൊലീസ്‌ സ്‌റ്റേഷനിൽ പരാതി നൽകിയത്‌. ഇതേതുടർന്ന്‌, അഭിഭാഷകയും പൊലീസുകാരും കൂടി ആർട്ട്‌ഗ്യാലറി സന്ദർശിച്ചപ്പോൾ ‘വിവാദചിത്രങ്ങൾ’ അധികൃതർ നീക്കം ചെയ്‌തിരുന്നു. എന്നാൽ, ആർട്ട്‌ഗ്യാലറി ഡയറക്ടർമാർക്ക്‌ എതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അഭിഭാഷക ബിഎൻഎസ്‌ 94ാം വകുപ്പ്‌ പ്രകാരം കോടതിയിൽ അപേക്ഷ നൽകുകയായിരുന്നു.












deshabhimani section

Related News

View More
0 comments
Sort by

Home