മേഘങ്ങളിൽ ആവശ്യത്തിന് ഈർപ്പമില്ല; ഡൽഹിയിൽ കൃത്രിമമഴ പരീക്ഷണം മാറ്റിവച്ചു

ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷമലിനീകരണം കുറയ്ക്കാനായി നടത്താനിരുന്ന ക്ലൗഡ് സീഡിംഗ് പരീക്ഷണം മാറ്റിവച്ചു. മേഘങ്ങളിൽ ആവശ്യത്തിന് ഈർപ്പമില്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാൺപുർ പ്രസ്താവനയിൽ അറിയിച്ചു.
കൃത്രിമമഴ പരീക്ഷണം അന്തരീക്ഷ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്ന ഒരു പ്രക്രിയയാണ്. അതിനാൽ, ഈർപ്പത്തിന്റെ അളവ് കുറഞ്ഞ സാഹചര്യത്തിൽ പരീക്ഷണം നടത്താനാവില്ല. ഐഐടി കാൺപുരുമായി സഹകരിച്ച് ഡൽഹി സർക്കാർ ചൊവ്വാഴ്ച രണ്ട് ക്ലൗഡ് സീഡിംഗ് പരീക്ഷണങ്ങൾ നടത്തിയിരുന്നു.
ഡൽഹിയിൽ കാര്യമായ മഴ ലഭിച്ചില്ലെങ്കിലും, നോയിഡയിലും ഗ്രേറ്റർ നോയിഡയിലും നേരിയ മഴ രേഖപ്പെടുത്തി. മേഘങ്ങളിൽ 15% മുതൽ 20% വരെ മാത്രമാണ് ഈർപ്പത്തിന്റെ അളവ് ഉണ്ടായിരുന്നത്. എന്നിരുന്നാലും, പരീക്ഷണം നടത്തിയ ബുരാരി, നോർത്ത് കരോൾ ബാഗ്, മയൂർ വിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ പിഎം 2.5, പിഎം 10 കണികാ സാന്ദ്രതയിൽ 6% മുതൽ 10% വരെ കുറവുണ്ട്.
ഈർപ്പത്തിന്റെ കുറവുള്ള സാഹചര്യങ്ങളിലും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിൽ ക്ലൗഡ് സീഡിംഗ് ഫലപ്രദമാണെന്ന് ഇത് തെളിയിക്കുന്നതായി ഐഐടി കാൺപുർ അറിയിച്ചു. ഭാവിയിൽ കൂടുതൽ ഫലപ്രദമായ രീതിയിൽ പരീക്ഷണം നടത്താനുള്ള പദ്ധതികൾക്ക് ഈ വിവരങ്ങൾ സഹായകമാകുമെന്നും അധികൃതർ പറയുന്നു.









0 comments