print edition ഡൽഹിയിൽ വൻസ്‌ഫോടനം നീണ്ട ഇടവേളയ്‌ക്ക് ശേഷം; 2008 ല്‍ മഹ്റോളി മാര്‍ക്കറ്റില്‍

സ്വന്തം ലേഖകൻ
Published on Nov 10, 2025, 09:08 PM | 1 min read
ന്യൂഡൽഹി: ഒരു വൻസ്ഫോടനത്തിൽ രാജ്യതലസ്ഥാനമാകെ ഞെട്ടുന്നത് നീണ്ട ഇടവേളയ്‌ക്ക് ശേഷം. 2008 സെപ്‌തംബറിൽ മെഹ്‌റോളി മാർക്കറ്റിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതാണ് ഏറ്റവും ഒടുവിൽ റിപ്പോർട്ടുചെയ്യപ്പെട്ട പ്രധാന സ്‌ഫോടനം.
2023 ഡിസംബറിൽ ഇസ്രയേൽ എംബസിക്ക് സമീപം ചെറിയ സ്‌ഫോടനമുണ്ടായതും കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു സിആർപിഎഫ് സ്‌കൂളിന് സമീപവും ഒരു തിയേറ്ററിന് സമീപവും സ്ഫോടനങ്ങളുണ്ടായതാണ് അവസാന സംഭവം. എന്നാൽ ഇൗ സ്‌ഫോടനങ്ങളിൽ ആർക്കും പരിക്കില്ല. തീവ്രവാദ ബന്ധം തെളിയിക്കപ്പെട്ടിട്ടുമില്ല.
ഇപ്പോൾ സ്‌ഫോടനമുണ്ടായ ചെങ്കോട്ടയ്‌ക്ക് സമീപം മുമ്പും സ്‌ഫോടനങ്ങളുണ്ടായിട്ടുണ്ട്. 1997 നവംബർ 30 ന് ചെങ്കോട്ടയിലുണ്ടായ ഇരട്ടസ്‌ഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും എഴുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 2000 ജൂൺ 18 ന് ചെങ്കോട്ടയിൽ വീണ്ടും ഇരട്ടസ്‌ഫോടനമുണ്ടായി. എട്ടു വയസ്സുകാരിയടക്കം രണ്ടുപേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. 1998 ജൂലൈയിൽ ചെങ്കോട്ടയ്‌ക്ക് സമീപം ഐഎസ്‌ബിടിയിൽ ബസിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. 2006 ഏപ്രിൽ 14 ന് ചെങ്കോട്ടയ്‌ക്ക് സമീപം തന്നെ ജമാമസ്‌ജിദ് അങ്കണത്തിലുണ്ടായ സ്‌ഫോടനത്തിൽ 14 പേർക്ക് പരിക്കേറ്റു.
1996 മെയ് 21 നാണ് ഡൽഹിയിൽ ആദ്യമായി വലിയൊരു സ്‌ഫോടനം സംഭവിക്കുന്നത്. ലജ്‌പത്‌നഗർ മാർക്കറ്റിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു. 39 പേർക്ക് പരിക്കേറ്റു. 1997 ൽ സ്‌ഫോടനങ്ങളുടെ വലിയൊരു പരമ്പര തന്നെ രാജ്യതലസ്ഥാനത്തുണ്ടായി. ജനുവരിയിൽ ഐടിഓയിലെ ഡൽഹി പൊലീസ് ആസ്ഥാനത്തുണ്ടായ സ്‌ഫോടനത്തിൽ 50 പേർക്ക് പരിക്കേറ്റു. അതേ വർഷം ഒക്‌ടോബറിൽ നാല് സ്‌ഫോടനങ്ങളിലായി മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. 1997 ഡിസംബറിൽ പഞ്ചാബിബാഗിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു.
2005 ഒക്‌ടോബർ 29 നാണ് ഡൽഹിയെ ഉലച്ചുകളഞ്ഞ സ്‌ഫോടനപരമ്പരയുണ്ടായത്. സരോജിനിനഗർ, പഹാഡ്‌ഗഞ്ച് മാർക്കറ്റുകളിലും ഗോവിന്ദ്‌പുരിയിൽ ഒരു ബസിലുമുണ്ടായ സ്‌ഫോടനങ്ങളിൽ 59 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. 2008 സെപ്‌തംബർ 13 ന് കൊണാട്ട്‌പ്ലേസിലും കരോൾബാഗിലും ഗ്രേറ്റർ കൈലാഷിലുമായുണ്ടായ സ്‌ഫോടന പരമ്പരയിൽ 25 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു.









0 comments