ഡൽഹി സ്ഫോടനം: മരണസംഖ്യ 15, ഒരാൾ കൂടി അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഒരാളെ കൂടെ അറസ്റ്റ് ചെയ്തു. ജസിർ ബിലാൽ വാനിയെയാണ് (ഡാനിഷ് ) ശ്രീനഗറിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ചാവേറായ ഉമറുമായി ജസിർ അടുത്ത് പ്രവർത്തിച്ചിരുന്നതായാണ് വിവരം. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് നിവാസിയായ വാനി, സ്‌ഫോടനത്തിന് മുമ്പ് ഡ്രോണുകളും റോക്കറ്റുകളും നിർമിക്കാൻ ശ്രമിച്ച് ഭീകരാക്രമണങ്ങൾ നടത്തുന്നതിന് സാങ്കേതിക സഹായം നൽകിയതായി ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ സജീവമായി പ്രവർത്തിച്ചയാളായിരുന്നു ജസിറെന്നും എൻഐഎ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ലുക്‌മാൻ (50), വിനയ് പതക് എന്നിവരാണ് ഇന്ന് മരണമടഞ്ഞത് (50). ഇരുവരും ഡൽഹി എൽഎൻജെപി ആശുപത്രിയിലായിരുന്നു.
പൊളിറ്റിക്കൽ സയൻസിൽ ബിരുദധാരിയായ ജസിറിനെ ചാവേറാകാൻ ഉമർ മാസങ്ങളോളം പ്രേരിപ്പിച്ചിരുന്നതായി ജസിർ മൊഴി നൽകിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെ വാടക താമസ സ്ഥലത്തേക്ക് തന്നെ ഉമർ കൊണ്ടുപോയെന്നും റിപ്പോർട്ടുണ്ട്.









0 comments