മദീനയിലെ അപകടം; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

saudi bus crash
വെബ് ഡെസ്ക്

Published on Nov 17, 2025, 10:22 PM | 2 min read

മനാമ: സൗദി അറേബ്യയിൽ മദീനക്ക് സമീപം ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേർ. ഹൈദരാബാദിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. 45 പേർ മരിച്ചു. ഒരാൾ മാത്രമാണ് അപകടത്തിൽനിന്ന് രക്ഷപെട്ടത്. രക്ഷപ്പെട്ട അബ്ദുൽ ഷുഹൈബ് മുഹമ്മദ് (25) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.


ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 1.30 ഓടെ (സൗദി സമയം രാത്രി 11) മദീനക്കും ബദ്‌റിനുമിടയിൽ മുഫറഹാത്ത് എന്ന സ്ഥലത്താണ് ദാരുണമായ അപകടം നടന്നത്. മദീനയിൽ നിന്ന് 25 കിലോമീറ്റർ അകലെയാണ് സ്ഥലം. മക്കയിലെ ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിലേക്ക് പോവുകയായിരുന്നു തീർത്ഥാടക സംഘമാണ് ബസിലുണ്ടായിരുന്നത്. കൂട്ടിയിടിയെ തുടർന്ന് ബസ് പൂർണ്ണമായും കത്തിനശിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ചാരമായി.


സൗദി സിവിൽ ഡിഫൻസും പോലീസും റെഡ് ക്രസന്റ് സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നതായാണ് പ്രാഥമിക വിവരം. ഹൈദരാബാദ് രാംനഗറിലെ ഒരു കുടുംബത്തിലെ മൂന്ന് തലമുറയിലുള്ള 18 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ ആറു പേർ കുട്ടികളാണ്. ഹൈദരാബാദിലെ മല്ലേപ്പള്ളിയിലെ ബസാർഘട്ട് പ്രദേശത്തുള്ള 16 പേരും അപകടത്തിൽ മരിച്ചു.


നവംബർ 9ന് ഹൈദരാബാദിൽ നിന്ന് ജിദ്ദയിലേക്ക് യാത്ര തിരിച്ച 54 അംഗ സംഘത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ 4 പേർ കാറിൽ മദീനയിലേക്ക് പോയിരുന്നു. മറ്റ് 4 പേർ മക്കയിൽ തങ്ങി. ബാക്കിയുള്ള 46 പേരാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, പ്രാദേശിക അധികാരികൾ, ഉംറ ഓപ്പറേറ്റർമാർ എന്നിവരുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ട്. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് 24ഃ7 കൺട്രോൾ റൂം തുറന്നു. ടോൾ ഫ്രീ ഹെൽപ്പ് ലൈൻ: 8002440003. മരിച്ചവരുടെ പേരു വിവരങ്ങൾ എംബസി പുറത്തു വിട്ടിട്ടുണ്ട്.


ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ തെലങ്കാന മന്ത്രിസഭ തീരുമാനിച്ചു. മതപരമായ ആചാരങ്ങൾ അനുസരിച്ച് അന്ത്യകർമങ്ങൾ സൗദിയിൽ നടത്താനും ഓരോ കുടുംബത്തിൽ നിന്നും ഒരാളെ വീതം അന്ത്യകർമങ്ങൾക്കായി സൗദിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്യാനും തീരുമാനിച്ചതായി സർക്കാർ വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home