കർശന നിബന്ധനകൾ നിലനിൽക്കെ മൂവായിരം കിലോയോളം അമോണിയം നൈട്രേറ്റ് ഉമറും കൂട്ടാളികളും എങ്ങനെ സംഘടിപ്പിച്ചെന്നാണ് ചോദ്യമുയരുന്നത്
print edition ഡല്‍ഹി സ്‍ഫോടനം; ജയ്‌ഷെ പോസ്റ്റര്‍മുതല്‍ ചെങ്കോട്ടവരെ

ഡോ. മുസമ്മില്‍, ഡോ. ആദില്‍, ഡോ. ഉമര്‍ നബി, ഡോ. ഷഹീന്‍

AKSHAY K P
Published on Nov 12, 2025, 02:30 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ അതീവസുരക്ഷാ മേഖലയിലുണ്ടായ സ്‌ഫോടനത്തിലേക്കുള്ള നാൾവഴി ആരംഭിക്കുന്നത് ചില പോസ്റ്ററുകളിലാണ്. ഒക്‌ടോബർ 19ന് ജമ്മുകശ്‌മീരിലെ നൗഗാമിലാണ് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററുകളൊട്ടിച്ച ആളെ തിരഞ്ഞുള്ള പൊലീസ് അന്വേഷണം ചെന്നെത്തിയത് ഡോ. അദീൽ അഹമ്മദ് റാത്തർ എന്നയാളിലേക്കാണ്. ഇയാളെ ചോദ്യം ചെയ്തതാണ് ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളേജിലെ ഡോ. മുജാമിൽ ഷക്കീലിന്റെ അറസ്റ്റിലേയ്ക്ക് നയിച്ചത്.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഫരീദാബാദിൽ ഷക്കീൽ വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിൽ നിന്ന് 2,900 കിലോ വരുന്ന സ്‌ഫോടന സാമഗ്രികളും ആയുധങ്ങളും കണ്ടെടുക്കുന്നത്. ജമ്മു കശ്‌മീർ പൊലീസിന്റ നേതൃത്വത്തിലായിരുന്നു നടപടി. അദീൽ, മുജാമിൽ എന്നിവരെ കൂടാതെ ഷഹീൻ ഷഹീദ് എന്ന വനിതാ ഡോക്‌ടറുൾപ്പെടെ ആറ് പേരെയും അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു അറസ്റ്റ്.
പാകിസ്ഥാനുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് നിയന്ത്രിക്കുന്ന ‘വൈറ്റ് കോളർ ഭീകര ശൃംഖല’യിലെ പ്രധാനികളാണ് ഇവരെന്ന് അന്വേഷണ ഏജന്‍സികള്‍ വിലയിരുത്തി. ജെയ്‌ഷെ മുഹമ്മദ്, അൻസാർ ഗസ്വത്-അൽ – ഹിന്ദ് എന്നീ സംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു.
ഇവരുമായി സജീവ ബന്ധം പുലർത്തിയ ഉമര്‍ നബിക്കെതിരെ അപ്പോള്‍ തന്നെ ജമ്മു കശ്‌മീർ പൊലീസ് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എന്നാല്‍ ഡല്‍ഹിയിലെ അതീവ സുരക്ഷാമേഖലയിലേക്കുവരെ സ്ഫോടകവസ്തുക്കളുമായി കാറോടിച്ച് എത്താന്‍ ഉമര്‍ നബിക്ക് കഴിഞ്ഞു.









0 comments