ചാവേറായത് ഡോ. ഉമര്‍ നബി
print edition മറ്റ് രണ്ടുപേർ ആര്, എവിടെ ; ആശങ്കയിൽ രാജ്യം

ഡൽഹി ചെങ്കോട്ടക്ക് മുന്നിലെ സ്ഫോടനത്തിൽ ബന്ധു മരിച്ചതറിഞ്ഞ് പൊട്ടിക്കരയുന്ന വയോധികൻ / ഫോട്ടോ: പി വി സുജിത്
ന്യൂഡൽഹി
ചെങ്കോട്ട സ്‌ഫോടനത്തിന് സമാനമായി കൂടുതൽ സ്ഫോടനങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്കയിൽ രാജ്യം. സ്ഫോടനം നടത്തിയ കാര്‍ ഒക്‌ടോബർ 29ന് ഫരീദാബാദിൽ പുകപരിശോധന നടത്തുന്ന ഘട്ടത്തിൽ വാഹനത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. സ്ഫോടനം നടന്ന ഘട്ടത്തില്‍ കാറോടിച്ച ഉമര്‍ നബിയെ കൂടാതെ കാറിൽ മറ്റ് രണ്ടുപേർ കൂടിയുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. സ്ഫോടനമുണ്ടായപ്പോള്‍ കാറില്‍ ഉമർ മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുരണ്ടുപേർ ആരെന്നും അവര്‍ ഇപ്പോള്‍ എവിടെയാണെന്നുമുള്ള ചോദ്യം പ്രസക്‌തമാണ്.
ഫരീദാബാദിൽ നിന്ന് ജമ്മു കശ്‌മീർ പൊലീസ് 2900 കിലോ സ്‌ഫോടനവസ്‌തുക്കളാണ് പിടിച്ചെടുത്തത്. ഇപ്പോൾ കണ്ടെടുത്തത് കൂടാതെ കൂടുതൽ സ്‌ഫോടകവസ്‌തുക്കൾ ഉമറിന്റെ കൂട്ടാളികളുടെ പക്കലുണ്ടോയെന്നത് വ്യക്തമല്ല. അൽ ഫലാഹ് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഭീകരസംഘം വിപുലമായ സ്‌ഫോടന പരമ്പരയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തം. സ്ഫോടനത്തിന് ഉപയോഗിച്ച കാർ ഒക്‌ടോബർ 29നാണ് ഉമർ വാങ്ങിയത്. വായു മലിനീകരണം കാരണം ഡൽഹിയിൽ വാഹന പരിശോധന ശക്തമായതിനാലാണ് അന്നുതന്നെ പുകപരിശോധന തിരക്കിട്ട് നടത്തിയതെന്ന് വ്യക്തം.
കശ്മീരിൽ റെയ്ഡ്
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയിടാൻ ലക്ഷ്യമിട്ട് തിങ്കളാഴ്ച ജമ്മുകശ്മീരിൽ വ്യാപക റെയ്ഡ്. ബദ്ഗാം, ബാരാമുള്ള, ഗന്ധേര്‍ബല്‍, അനന്ത്നാഗ്, കുല്‍ഗാം, പുൽവാമ, ഷോപ്പിയാൻ ജില്ലകളിലായി ജമ്മുകശ്മീര്‍ പൊലീസ് നടത്തിയ റെയ്ഡിൽ നിരവധിപേരെ കസ്റ്റഡിയിലെടുത്തു.
യുഎസ് കേന്ദ്രകീരിച്ച് പ്രവര്‍ത്തിക്കുന്ന ഗുലാം നബി ഫായിയുടെ സംഘത്തെ ലക്ഷ്യമിട്ടും റെയ്ഡ് നടന്നു. പാക് അധിനിവേശ കശ്മീരിൽനിന്ന് പ്രവര്‍ത്തിക്കുന്നവരുടെ ബാരാമുള്ളയിലെ 13 കേന്ദ്രങ്ങളിലും പരിശോധന നടത്തി.

ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ
ഓടിച്ചിരുന്ന ഉമറിന്റെ അച്ഛനെ ചോദ്യം ചെയ്യാനായി ജമ്മു കശ്‌മീർ പുൽവാമയിലെ വീട്ടിൽനിന്ന് കസ്‌റ്റഡിയിൽ
എടുത്തപ്പോൾ
ചാവേറായത് ഡോ. ഉമര്‍ നബി
ഡൽഹി സ്‌ഫോടനത്തിൽ കാറോടിച്ച ചാവേര്‍ ജമ്മു കശ്‌മീർ പുൽവാമ സ്വദേശി 34കാരനായ ഡോ. ഉമർ നബിയെന്ന് പൊലീസ്. പൊട്ടിത്തെറിയുണ്ടായ കാറിൽ നിന്ന് ലഭിച്ച ചിന്നിച്ചിതറിയ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. ഫരീദാബാദില്‍ പിടികൂടിയ 2900 കിലോ സ്ഫോടകവസ്തുവുമായി ബന്ധപ്പെട്ടതടക്കമുള്ള "വൈറ്റ് കോളര്‍' ഭീകര സംഘവുമായി ഉമറിന് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ ഡോക്‌ടർമാരായ മുജാമിൽ ഷക്കീൽ, ഷഹീൻ ഷഹീദ് എന്നിവർ ജോലി ചെയ്യുന്ന ഫരീദാബാദിലെ അൽ ഫലാ മെഡിക്കൽ കോളേജിലായിരുന്നു ഉമറും ജോലി ചെയ്തത്.
മുജാമിലും ഉമറും ഒരേനാട്ടുകാരാണ്. ഡോക്‌ടർമാരുടെ അറസ്റ്റിന് പിന്നാലെ ഉമറിനെ കാണാതായി. തുടർന്ന് പൊലീസ് ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഉത്തർ പ്രദേശിലെ സഹ്‌റാൻപുരിൽ അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തറുമായും ഉമറിന് ബന്ധമുണ്ടെന്നും ഇൗ ഡോക്‌ടർമാരെല്ലാം ഉൾപ്പെടുന്ന ടെലഗ്രാം ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഉമറിന്റെ കുടുംബത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുട്ടിക്കാലം മുതൽ തന്നെ ഉള്‍വലിഞ്ഞ പ്രകൃതമായിരുന്നു ഉമറിന്റേതെന്നും അധികം സുഹൃത്തുക്കളില്ലായിരുന്നെന്നും ഉമറിന്റെ സഹോദര ഭാര്യ മുസമിൽ പറഞ്ഞു. രണ്ട് മാസമായി വീട്ടിൽ വന്നിട്ട്. വെള്ളിയാഴ്‌ചയാണ് അവസാനം സംസാരിച്ചത്. മൂന്ന് ദിവസം കഴിഞ്ഞ് വീട്ടിൽ വരാമെന്ന് പറഞ്ഞു. അവനെ പഠിപ്പിക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല.– മുസമിൽ ചുറ്റുംകൂടിയ മാധ്യമങ്ങളോട് പറഞ്ഞു.









0 comments