രാജ്യത്ത് ഉച്ചഭക്ഷണ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷത്തോളം കുറഞ്ഞു

ന്യൂഡൽഹി: ഇന്ത്യയിൽ മിഡ് ഡേ മീൽ സ്‌കീം തൊഴിലാളികളുടെ എണ്ണം 2020-21 മുതൽ 2024 -25 വരെയുള്ള അഞ്ചുവർഷ കാലയളവിൽ ഒരു ലക്ഷത്തോളം കുറഞ്ഞു എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം. 2020 -21 മുതൽ 2024-25 വരെ രാജ്യത്തുടനീളം 86,299 ഉച്ചഭക്ഷണത്തൊഴിലാളികളുടെ കുറവുണ്ടായി. വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഇത് വ്യക്തമായത്.
തുച്ഛമായ ഓണറേറിയമാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത് എന്നും മറുപടിയിൽ നിന്നും വ്യക്തമാകുന്നു. സ്കൂൾ പാചക തൊഴിലാളികൾക്ക് പ്രതിമാസം വെറും 1,000 രൂപ മാത്രമാണ് കേന്ദ്ര സർക്കാർ ഓണറേറിയം നൽകുന്നത്. പ്രതിമാസം 11,000 രൂപ നൽകുന്ന കേരളമാണ് ഫിക്സഡ് തുക നൽകുന്ന സംസ്ഥാനങ്ങളിൽ മുന്നിൽ. ഗോവ, മണിപ്പൂർ, നാഗാലാൻഡ്, സിക്കിം, ഡൽഹി, ജമ്മു & കശ്മീർ, ലഡാക്ക്, ആൻഡമാൻ & നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിൽ പ്രതിമാസം നൽകുന്നത് പൂജ്യമാണ്. അസം 500 രൂപയും ബീഹാർ 650 രൂപയും മാത്രമാണ് നൽകുന്നത്.
മറ്റ് സംസ്ഥാനങ്ങൾ നൽകുന്ന പ്രതിമാസ അധിക ഓണറേറിയം ഇപ്രകാരമാണ്: ഉത്തർപ്രദേശ് (1000), ഒഡീഷ (1000), മേഘാലയ (1000), ഛത്തീസ്ഗഡ് (1000), അരുണാചൽ പ്രദേശ് (1000), പശ്ചിമ ബംഗാൾ (1000), രാജസ്ഥാൻ (1143), ത്രിപുര (1500), മഹാരാഷ്ട്ര (1500), ഉത്തരാഖണ്ഡ് (2000), തെലങ്കാന (2000), പഞ്ചാബ് (2000), മിസോറാം (2000), ജാർഖണ്ഡ് (2000), ആന്ധ്രാപ്രദേശ് (2000), ഗുജറാത്ത് (2250), കർണാടക (2700), മധ്യപ്രദേശ് (3000), ഹിമാചൽ പ്രദേശ് (3500), ഹരിയാന (6000). കേന്ദ്രഭരണ പ്രദേശങ്ങളിൽ, അധിക ഓണറേറിയം ഇപ്രകാരമാണ്: പുതുച്ചേരി (9000), ഡി & എൻ, ദാമൻ & ദിയു (5461), ചണ്ഡീഗഡ് (3500).
തുച്ഛമായ ഓണറേറിയത്തിനൊപ്പം, നിരവധി ഉച്ച ഭക്ഷണതൊഴിലാളികൾ തൊഴിൽ നഷ്ടവും അനുഭവിക്കുന്നുണ്ട്. അവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. 2020-21 മുതൽ 2024-25 വരെ രാജ്യത്തുടനീളം 86,299 ഉച്ചഭക്ഷണത്തൊഴിലാളികളുടെ കുറവുണ്ടായി. ഒറീസ (33,432), പശ്ചിമ ബംഗാൾ (18,566), ഉത്തർപ്രദേശ് (18,282), മധ്യപ്രദേശ് (11,261), അസം (10,355), ഉത്തരാഖണ്ഡ് (3,130), പഞ്ചാബ് (4,249), ജാർഖണ്ഡ് (305), ഹരിയാന (224), മഹാരാഷ്ട്ര (135), ഹിമാചൽ പ്രദേശ് (55), ഡി&എൻ, ഡി&ഡിയു (63), മിസോറാം (11), മണിപ്പൂർ (905), അരുണാചൽ പ്രദേശ് (38), ലക്ഷദ്വീപ് (90), ലഡാക്ക് (9) എന്നീ സംസ്ഥാനങ്ങളിലാണ് ഉച്ചഭക്ഷണ തൊഴിലാളികളുടെ എണ്ണതിൽ കുറവുണ്ടായത്. ലക്ഷദ്വീപിൽ 110 പേരിൽ നിന്നും വെറും 20 പേരായി തൊഴിലാളികളുടെ എണ്ണം കുറഞ്ഞു.
അഞ്ചു വർഷം കൊണ്ട് ഒരു ലക്ഷത്തോളം ഉച്ചഭക്ഷണ തൊഴിലാളികളുടെ എണ്ണം കുറഞ്ഞു എന്നത് ഞെട്ടിക്കുന്നതാണ്. മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങളുടെ തെളിവാണ്. ഉച്ചഭക്ഷണ പദ്ധതിക്ക് പി എം പോഷൺ എന്ന് പേര് മാറ്റിയെങ്കിലും ഒരു രൂപ പോലും ഉച്ചഭക്ഷണ തൊഴിലാളികൾക്ക് വർധിപ്പിച്ചു നല്കാൻ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പത്തെ പറ്റി വീമ്പിളക്കുന്ന മോഡി സർക്കാരിന് കഴിഞ്ഞിട്ടില്ല എന്ന് വി ശിവദാസൻ എംപി പറഞ്ഞു. ഇവരെ തൊഴിലാളികളായി അംഗീകരിക്കുകയും മാന്യമായ വേതനം ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.









0 comments