print edition യുപിയിൽ കൂലി ചോദിച്ച ദളിത് യുവാവിനെ അടിച്ചുകൊന്നു

ലഖ്നൗ
കൂലി ചോദിച്ചതിന് ദളിത് യുവാവിനെ ഭൂവുടമ അടിച്ചുകൊന്നു. കര്‍ഷകത്തൊഴിലാളിയായ ഹോസിലാ പ്രസാദ് (40) ആണ് കൊല്ലപ്പെട്ടത്. കൂലിയായി നൽകാനുള്ള 2500 രൂപ ചോദിച്ചതിനാണ് "മേൽജാതിക്കാര'നായ ഭൂവുടമ ശുഭം സിങ്ങും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് പ്രസാദിനെ ക്രൂരമായി മര്‍ദിച്ചതെന്ന് കുടുംബം വെളിപ്പെടുത്തി. 350 രൂപ കൂലി തരാമെന്ന് വാഗ്‌ദാനം ചെയ്‌ത് നിര്‍ബന്ധിച്ച് ശുഭം സിങ് ജോലിക്ക് കൊണ്ടുപോവുകയായിരുന്നു. ഒരാഴ്‌ച പണിയെടുത്തിട്ടും കൂലി കൊടുത്തില്ല. ഒക്‌ടോബര്‍ 26ന് ശുഭം സിങ്ങിനോട് കൂലി ചോദിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ബോധമറ്റ പ്രസാദിനെ ജീപ്പിൽ വീട്ടിൽ കൊണ്ടുവന്ന് തള്ളിയെന്ന് ഭാര്യ പറഞ്ഞു.ലഖ്നൗവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്‌ച മരിച്ചു.
പ്രതിഷേധം ശക്തമായതോടെയാണ് ശുഭം സിങ്ങിനെ ഗുരുതര വകുപ്പുകള്‍ ചേര്‍ക്കാനും മറ്റുള്ള പ്രതികളെ കൂടി കസ്റ്റഡിയിലെടുക്കാനും പൊലീസ് തയ്യാറായതെന്ന് കുടുംബം പ്രതികരിച്ചു.
ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി ഭരിക്കുന്ന യുപിയിൽ ദളിതർക്കെതിരായ അതിക്രമം വ്യാപകമാണ്. ഒക്‌ടോബര്‍ ഒന്നിന് റായ്ബറേലിയില്‍ ഹരിഓം വാൽമീകി എന്നയാളെ അടിച്ചുകൊന്നിരുന്നു. ക്ഷേത്രപരിസരത്ത് മൂത്രമൊഴിച്ചെന്ന് ആരോപിച്ച് 65കാരനെ മൂത്രം നക്കിച്ചു. കഴിഞ്ഞദിവസം മഥുരയിൽ പത്തുവയസ്സുള്ള ദളിത് പെൺകുട്ടിയെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി അടുത്തുള്ള ക്ഷേത്രത്തിലെത്തിച്ച് ബലാത്സംഗംചെയ്‌തു.
ഏപ്രിലിൽ കേന്ദ്രം നൽകിയ കണക്കുപ്രകാരം യുപിയിൽ 2022ൽ പട്ടികജാതിക്കാര്‍ക്കെതിരായ 15,368 അതിക്രമക്കേസാണ് രജിസ്റ്റര്‍ചെയ്‌തത്. 2021ല്‍ 13146, 2020ല്‍ 12714 കേസുകളും രജിസ്റ്റര്‍ചെയ്‌തു.







0 comments