ക്ഷേത്ര പരിസരത്ത് അബദ്ധത്തിൽ മൂത്രമൊഴിച്ചു; ദളിത് വയോധികനോട് നിലം നക്കി തുടക്കാൻ ആവശ്യപ്പെട്ടു

ലഖ്നൗ: ക്ഷേത്ര പരിസരത്ത് അബദ്ധത്തിൽ മൂത്രമൊഴിച്ച ദളിത് വയോധികനോട് നിലം നക്കി തുടക്കാൻ ആവശ്യപ്പെട്ട് ക്രൂരത. ഉത്തർ പ്രദേശിലെ ലഖ്നൗലാണ് ദളിത് വയോധികന് നേരെ ആക്രമണമുണ്ടായത്. 60 കാരനായ രാംപാൽ റാവത്തിനോടാണ് മൂത്രമൊഴിച്ച നിലം നക്കാൻ ആവശ്യപ്പെട്ടത്. ക്ഷേത്രത്തിന് സമീപമുള്ള ജ്വല്ലറി ഉടമയായ പമ്മു എന്ന സ്വാമി കാന്ത് എന്നയാളാണ് വയോധികനെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ചൊവ്വാഴ്ച രാംപാൽ റാവത്ത് പൊലീസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പമ്മു രാംപാലിനെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും നിലം നക്കാൻ നിർബന്ധിക്കുകയും ചെയ്തു. ക്ഷേത്രം വൃത്തിയാക്കാൻ നിർബന്ധിച്ചുവെന്നും റാവത്ത് പരാതിയിൽ പറയുന്നു. പമ്മു ആർഎസ്എസ് പ്രവർത്തകനാണെന്ന് റിപ്പോർട്ടുകളുണ്ട്. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു.
രാംപാലിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പതിവായി മരുന്നുകൾ കഴിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ചെറുമകൻ മുകേഷ് കുമാർ പറഞ്ഞു. 'മുത്തച്ഛൻ ചുമയ്ക്കുമ്പോൾ അബദ്ധത്തിൽ മൂത്രമൊഴിച്ചതായിരിക്കാം. അതിന് ശേഷമുണ്ടായ അതിക്രമം അദ്ദേഹത്തെ വല്ലാതെ ഭയപ്പെടുത്തി. തിങ്കളാഴ്ച ഇക്കാര്യം ഞങ്ങളോട് പറഞ്ഞില്ല. പിറ്റേ ദിവസമാണ് ഇക്കാര്യം കുടുംബത്തോട് പറഞ്ഞത്. ഉടൻ പരാതി നൽകി' - മുകേഷ് പറഞ്ഞു.
എസ് സി എസ്ടി നിയമ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവം ബിജെപിയുടെയും ആർഎസ്എസിന്റെയും 'ദളിത് വിരുദ്ധ' മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ പാർടികൾ പറഞ്ഞു.









0 comments