ലേയിൽ കർഫ്യൂ തുടരുന്നു, നഗരസഭാ കൗൺസിലർമാരെയും ബുദ്ധിസ്റ്റ് നേതാക്കളെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ലേ: അക്രമബാധിതമായ ലേ പട്ടണത്തിൽ തുടർച്ചയായ അഞ്ചാം ദിവസവും കർഫ്യൂ പ്രാബല്യത്തിൽ തുടരുന്നു. സംസ്ഥാന പദവി, ആറാം ഷെഡ്യൂളിൽ ലഡാക്കിനെ ഉൾപ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവജന സംഘനകൾ ആഹ്വാനം ചെയ്ത ബന്ദിനിടെ വ്യാപകമായ പ്രതിഷേധങ്ങളെത്തുടർന്ന് ബുധനാഴ്ചയാണ് കർഫ്യൂ ഏർപ്പെടുത്തിയത്.
ശനിയാഴ്ച ഘട്ടം ഘട്ടമായി നാല് മണിക്കൂർ ഇളവ് നൽകിയിരുന്നു. ബുധനാഴ്ച അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു, കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത 50 ലധികം പേർ ജയിലിലാണ്. നേതൃത്വം നൽകിയ കാലാവസ്ഥാ പ്രവർത്തകനും സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാനിലെ ജോധ്പൂർ ജയിലിൽ അടച്ചിരിക്കയാണ്. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ കുറ്റങ്ങൾ ആരോപിക്കാനുള്ള നീക്കങ്ങളും തുടരുന്നു.
ലഡാക്കിൽ എവിടെയും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും പട്ടണത്തിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കാർഗിൽ ഉൾപ്പെടെയുള്ള ലഡാക്കിന്റെ മറ്റ് പ്രധാന ഭാഗങ്ങളിൽ അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരൽ നിരോധിച്ചുള്ള നിരോധനാജ്ഞയും പ്രാബല്യത്തിൽ തുടരുകയാണ്.

ലേയിലെ അക്രമത്തെത്തുടർന്ന് പോലീസ് എഫ്‌ഐആറിൽ ഉൾപ്പെട്ട കൗൺസിലർമാരായ സ്മാൻല ഡോർജെ നൂർബോ, ഫുട്‌സോഗ് സ്റ്റാൻസിൻ സെപാക് എന്നിവരെയും ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സാവിൻ റിഗ്‌സിൻ, വില്ലേജ് നമ്പർ റിഗ്‌സിൻ ഡോർജെ എന്നിവരെയും പോലീസ് കസ്റ്റഡിയിൽ വിട്ടതായി ലേയിലെ ലഡാക്ക് ബാർ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഷാഫി ലസ്സു പറഞ്ഞു.
ലേ അപെക്സ് ബോഡിയുടെയും ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്റെയും യുവ നേതാക്കൾ ഉൾപ്പെടെയുള്ള മറ്റുള്ളവരെയും വിദ്യാർത്ഥികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും പോലീസ് ഈ നാല് പേരെ മാത്രമേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.









0 comments