ഇരുട്ടടി: ക്രൂഡ് ഓയിൽ വില കുറയുമ്പോഴും നേട്ടമില്ലാതെ ജനം, കൊള്ള തുടർന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ധന വിലയിൽ ജനവിരുദ്ധ നയം തുടർന്ന് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും എക്സെെസ് ഡ്യൂട്ടി രണ്ട് രൂപയാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണ വിലയിലുണ്ടായ വലിയ ഇടിവ് കണക്കാക്കാതെയാണ് കമ്പനികൾക്ക് ലാഭം കൊയ്യാനായി കേന്ദ്രം വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.
ആഗോള എണ്ണ വിലയിലെ നിരന്തര ചാഞ്ചാട്ടവും ട്രംപിന്റെ നടപടികളുമാണ് വില വർധനവിന് കാരണം എന്നാണ് കേന്ദ്രത്തിന്റെയും എണ്ണ കമ്പനികളുടേയും ന്യായീകരണം. എന്നാൽ ക്രൂഡ് ഓയിൽ വില 60 ഡോളറിലേക്ക് താഴ്ന്നപ്പോഴാണ് രണ്ട് ശതമാനം എക്സെെസ് ഡ്യൂട്ടി വർധിപ്പിച്ചത്. ആഗോള തലത്തിൽ ക്രൂഡ് വില താഴ്ന്നതോടെ രാജ്യത്തെ ഇന്ധന വില കുറയ്ക്കേണ്ടതിന് പകരമാണ് ഈ ലാഭം കേന്ദ്രം കൊള്ളയടിക്കുന്നത്.
ചില്ലറ വിൽപ്പന രംഗത്ത് വിലയിൽ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രവും കമ്പനികളും വ്യക്തമാക്കുമ്പോഴും ക്രൂഡ‍് ഓയിലിനുണ്ടായ ഗണ്യമായ വിലക്കുറവ് ജനങ്ങൾക്ക് നൽകാതിരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതായത് ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ് രാജ്യത്തെ ജനങ്ങൾക്ക് ഉപകരിക്കുന്നതിനായി മാറ്റുന്നതിന് പകരം കേന്ദ്രവും കമ്പനികളും കെെക്കലാക്കുന്ന സ്ഥിതിയാണുള്ളത്.
പെട്രോളിനും ഡീസലിനും ഒരു രൂപ വീതം വില കുറയുമ്പോൾ കേന്ദ്ര സർക്കാരിനു നികുതി വരുമാനത്തിൽ 15,000– 20,000 കോടി രൂപ വരെ കുറയുമെന്നാണു കണക്ക്. ഈ നഷ്ടം ഒഴിവാക്കുന്നതിനാണ് ഇപ്പോൾ എക്സൈസ് ഡ്യൂട്ടി കൂട്ടിയതെന്നാണു നിഗമനം. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിന്റെ ബാധ്യത എണ്ണക്കമ്പനികൾ ഏറ്റെടുക്കുമെന്നും ഇതുവഴി പൊതുജനങ്ങൾക്കു വിലവർധനയുടെ ഭാരം ഉണ്ടാകില്ലെന്നുമാണു കേന്ദ്ര സർക്കാർ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിലേക്ക് താഴ്ന്നപ്പോഴും വില കുറക്കാൻ കേന്ദ്രസർക്കാരും പെട്രോൾ കമ്പനികളും തയ്യാറായിരുന്നില്ല. 2022 ജൂണിൽ 116 ഡോളർ വരെയെത്തിയ വിലയാണ് 70 ഡോളറിൽ താഴെയായത്.എന്നിട്ടും പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള എണ്ണ വിപണന കമ്പനികൾ കൊള്ളലാഭം കൊയ്യുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ മാർച്ചിലാണ് പെട്രോൾ– ഡീസൽ വിലകൾ രണ്ടുരൂപ വീതം കുറച്ചത്. അന്താരാഷ്ട്ര വിപണിയിൽ വില മാറുന്നതിന് അനുസൃതമായി ആഭ്യന്തര വിലയും മാറുന്ന വിലനിർണയ രീതിയാണ് നിലവിലുള്ളതെങ്കിലും കമ്പനികൾ അത് പാലിക്കുന്നില്ല. പൊതുമേഖലാ എണ്ണവിപണന കമ്പനികളുടെ കൊള്ളലാഭം ഡിവിഡന്റായി കേന്ദ്രസർക്കാരിലേക്ക് തന്നെയാണ് എത്തുക.
2023–24 വർഷത്തിൽ രാജ്യത്തെ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ ആകെ ലാഭം 81,000 കോടിയായിരുന്നു. ഇന്ധന നികുതിയിലൂടെ ഇതേ വർഷം കേന്ദ്രത്തിന് ലഭിച്ചതാകട്ടെ 4.32 ലക്ഷം കോടി രൂപയും. അതേസമയം അമിതവിലയും അത് സൃഷ്ടിക്കുന്ന വിലക്കയറ്റവും സാധാരണക്കാരെ തളർത്തുകയായിരുന്നു.
പാചക വാതക വിലയും ഇന്ന് കേന്ദ്രം വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങൾക്ക് ഇരുട്ടി തന്നെ നൽകിയിരിക്കുകയാണ് സർക്കാരും എണ്ണക്കമ്പനികളും. എൽപിജി സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. അതോടെ 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില 803 രൂപയിൽ നിന്ന് 853 രൂപയായി വർധിച്ചു. ഉജ്വല പദ്ധതിയിലെ ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 503 രൂപയിൽ നിന്ന് 553 രൂപയായും വില ഉയരും.
ക്രൂഡ് ഓയിൽ ഉത്പാദനം വെട്ടികുറയ്ക്കാനുള്ള തീരുമാനത്തിൽ നിന്നും ഒപെക് രാജ്യങ്ങൾ പിന്മാറിയതോടെ ക്രൂഡ് ഓയിൽ വില താഴുകയായിരുന്നു. ബാരലിന് 70 ഡോളറിന് താഴേക്ക് പോയതോടെ അവസരം നേട്ടമാക്കുകയാണ് പൊതുമേഖലാ എണ്ണ കമ്പനികൾ. കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ ദിവസങ്ങളിലായി നേട്ടത്തിലാണ്.
അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിന് മുകളിൽ നേട്ടമാണ് പൊതുമേഖലാ എണ്ണ കമ്പനികൾ ഉണ്ടാക്കിയത്. 13.12 ശതമാനം ഉയർന്ന ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനാണ് നേട്ടത്തിൽ മുന്നിൽ. ഭാരത് പെട്രോളിയം 8.65 ശതമാനവും ഇന്ത്യൻ ഓയിൽ 9.21 ശതമാനവും ഉയർന്നു.
നിലവിലെ വിലയിടിവിൽ എണ്ണ കമ്പനികളുടെ മാർക്കറ്റിങ് മാർജിൻ(ഉൽപ്പാദന വിലയും വിൽപ്പന വിലയും തമ്മിലുള്ള വ്യത്യാസം) ചരിത്രപരമായ നിലവാരത്തിലേക്ക് ഉയരുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ജെഎം ഫിനാൻഷ്യൽ വിലയിരുത്തുന്നത്.









0 comments