ഡൽഹി സ്ഫോടനം
ആക്രമണത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണത്തിന് 10 അംഗ എൻഐഎ സംഘം

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാർ പൊട്ടിത്തെറിച്ച ട്രാഫിക് സിഗ്നലിന്റെ സമീപത്ത് നിന്നുള്ള നിർണായക ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഭീകരർ സഞ്ചരിച്ച കാർ സിഗ്നലിലെത്തിയതും പിന്നാലെ സ്ഫോടനം നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുൻ ദിവസങ്ങളിൽ നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലും കാറിന്റെ സാന്നിധ്യം കണ്ടെത്തിയ ദൃശ്യങ്ങളും പുറത്തുവന്നു.
ഫരീദാബാദ്, ഡൽഹി എന്നിവിടങ്ങളിൽ വൻ ഭീകരാക്രമങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിലും ദീപാവലി ദിനത്തിൽ ഡൽഹിയിലും ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയ്ക്ക് സമീപം ട്രാഫിക് സിഗ്നലിൽ കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. മറ്റ് കാറുകളിലേക്ക് തീപടരുകയും ചെയ്തു. ആക്രമണത്തിൽ 13 പേർ മരിച്ചു.
സ്ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ എൻഐഎ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. എൻഐഎ എഡിജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ഒരു ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്‌പിമാർ, ഡിഎസ്‌പി തലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തിക്കുക.
ആഭ്യന്തര മന്ത്രാലയം ഇന്നലെ അന്വേഷണം എൻഐഎയ്ക്ക് കൈമാറി. ജമ്മു കശ്മീർ പൊലീസ്, ഡൽഹി പൊലീസ്, ഹരിയാന പൊലീസ് എന്നിവരിൽ നിന്ന് ജെയ്‌ഷെ മൊഡ്യൂളുമായി ബന്ധപ്പെട്ട എല്ലാ കേസ് ഡയറികളും എൻഐഎ ഏറ്റെടുക്കും. കൂടാതെ, കേസിനെക്കുറിച്ച് ചർച്ച ചെയ്യാൻ എൻഐഎ ഡിജിയും ഐബി മേധാവിയും ഇന്ന് യോഗം ചേരും.









0 comments