മുർഷിദാബാദിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം

കൊൽക്കത്ത : പശ്ചിമബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ വീടുകൾ സിപിഐ എം പശ്ചിമബംഗാൾ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം സന്ദർശിച്ചു. കലാപത്തിനിടെ കൊല്ലപ്പെട്ട ഹരഗോബിന്ദ ദാസിന്റെയും മകൻ ചന്ദൻ ദാസിന്റെയും വീട്ടിലെത്തിയ മുഹമ്മദ് സലിം കുടുംബാംഗങ്ങളോട് സംസാരിച്ചു. കലാപ സമയത്ത് കൊള്ളയടിക്കുന്നത് തടയുന്നതിനിടെയാണ് ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയത്. ഇരുവരും സിപിഐ എമ്മിനൊപ്പം പ്രവർത്തിച്ചിരുന്നവരാണ്. പ്രദേശത്ത് ക്രമസമാധാനം തകരാറിലാണെന്നും പൊലീസ് ഇവിടങ്ങളിലേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും പ്രദേശവാസികൾ മുഹമ്മദ് സലിമിനെ അറിയിച്ചു.
സൂതിയിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ഇസാസ് അഹമ്മദിന്റെ കുടുംബത്തെയും മുഹമ്മദ് സലിം സന്ദർശിച്ചു. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞെങ്കിലും മുഹമ്മദ് സലിം കുടുംബാംഗങ്ങളെ സന്ദർശിച്ചാണ് മടങ്ങിയത്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മീനാക്ഷി മുഖർജിയും ഒപ്പമുണ്ടായിരുന്നു.
മൂർഷിദാബാദ്, മാൾഡ, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി, വടക്കൻ ദിനാജ്പ്പുർ, ഹൗറ എന്നിവിടങ്ങളിലാണ് വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായത്.









0 comments