print edition എസ്‌ഐആർ റദ്ദാക്കണം ; സിപിഐ എം തമിഴ്‌നാട് ഘടകം സുപ്രീംകോടതിയിൽ

ന്യൂഡൽഹി
തെരഞ്ഞെടുപ്പ് കമീഷൻ തമിഴ്‌നാട്ടിൽ ധൃതിപിടിച്ച് നടപ്പാക്കുന്ന വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആര്‍) റദ്ദാക്കണമെന്നാശ്യപ്പെട്ട് സിപിഐ എം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി സുപ്രീംകോടതിയിൽ. ഏകപക്ഷീയവും നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി എസ്‌ഐആർ നടപ്പാക്കാൻ നിഷ്‌കർഷിക്കുന്ന 2025 ഒക്‌ടോബർ 27ലെ കമീഷൻ ഉത്തരവ് റദ്ദാക്കണമെന്ന് സംസ്ഥാന സെക്രട്ടറി പി ഷൺമുഖം ഹർജിയിൽ ആവശ്യപ്പെട്ടു. തിടുക്കത്തിലുള്ള നീക്കം ദുരൂഹലക്ഷ്യം മുൻനിർത്തിയാണ്. ഹർജി ചൊവ്വാഴ്‌ച പരിഗണിക്കും. സമാന ആവശ്യവുമായി ഡിഎംകെയും കോൺഗ്രസും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
1950ലെ ജനപ്രാതിനിധ്യ നിയമത്തിനും 1960ലെ വോട്ടർ രജിസ്ട്രേഷൻ നിയമങ്ങൾക്കും വിരുദ്ധവുമാണ് എസ്‌ഐആർ. തമിഴ്‌നാട്ടിലെ 6.18 കോടിയിലധികം വോട്ടർമാരുടെ എന്യൂമറേഷൻ 30 ദിവസം കൊണ്ട് നടത്തുമെന്ന് പറയുന്നത് മനുഷ്യസാധ്യമല്ല. അന്തിമവോട്ടർപ്പട്ടിക പ്രസിദ്ധീകരണംവരെ നീളുന്ന സങ്കീർണ നടപടികൾക്ക് കേവലം 102 ദിവസം മാത്രമാണുള്ളത്.
ആധാർ കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി തുടങ്ങിയവ ഒഴിവാക്കിയത് വോട്ടർമാരെ കൂട്ടത്തോടെ പുറന്തള്ളാനാണ്.–ഹർജിയിൽ പറഞ്ഞു.









0 comments