ഒമർ അബ്ദുള്ളയെ കയ്യേറ്റം ചെയ്‌തതിൽ സിപിഐ എം പ്രതിഷേധിച്ചു

ന്യൂഡൽഹി: ദോഗ്ര സൈന്യം 1931 ജൂലൈ 13ന് വെടിവച്ച് കൊലപ്പെടുത്തിയ 22 പേർക്ക് സ്‌മരണാഞ്‌ജലി അർപ്പിക്കാൻ നഖ്‌ഷ്‌ബന്ദ് സാഹിബ് ശവകുടീരത്തിൽ എത്തിയ ജമ്മു–കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ പൊലീസ് കയ്യേറ്റം ചെയ്‌തതിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രതിഷേധിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി അടക്കമുള്ള നേതാക്കളെ, രക്തസാക്ഷികൾക്ക് ആദരാഞ്‌ജലി അർപ്പിക്കാൻ അനുമതി നൽകാതെ വീട്ടുതടങ്കലിൽ പാർപ്പിച്ചത് അപലപനീയമാണെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ ഉത്തരവുകളും പിന്തിരിപ്പൻ കാഴ്‌ചപ്പാടുകളും അടിച്ചേൽപ്പിക്കുകയാണ്; രക്തസാക്ഷി ദിനത്തിലെ അവധി എടുത്തുകളഞ്ഞത് ഉദാഹരണമാണ്. പകരം, സ്വാതന്ത്ര്യസമര സേനാനികളെ കൂട്ടക്കൊല ചെയ്‌തതിന് ഉത്തരവാദിയായ മഹാരാജാവിന്റെ ജന്മദിനം അവധിയായി പ്രഖ്യാപിച്ചു. കേന്ദ്രം നിയമിച്ച ലഫ്. ഗവർണർ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ സുഗമമായ പ്രവർത്തനം അട്ടിമറിക്കുകയാണ്.
ജമ്മു–കശ്‌മീർ ജനതയുടെ വികാരം വച്ച് കളിക്കുന്നത് കേന്ദ്രസർക്കാർ അവസാനിപ്പിക്കണം; ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണം. മുഖ്യമന്ത്രിയെ കയ്യേറ്റം ചെയ്‌തതിൽ ലഫ്. ഗവർണർ മാപ്പ് പറയണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.









0 comments