അതിദാരിദ്ര്യ നിർമാർജനം എൽഡിഎഫിന്റെ 
ചരിത്ര നേട്ടം

print edition എസ്‌ഐആർ രാഷ്‌ട്രീയ പദ്ധതി :
 സിപിഐ എം

cpim on Gaza Ceasefire
വെബ് ഡെസ്ക്

Published on Nov 17, 2025, 04:10 AM | 2 min read


ന്യൂഡൽഹി

പന്ത്രണ്ട് സംസ്ഥാനങ്ങളെ ലക്ഷ്യം വച്ചുള്ള വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന കേന്ദ്ര തെരഞ്ഞെുപ്പ്‌ കമീഷൻ മുഖേന നടപ്പാക്കുന്ന ബിജെപി-ആർഎസ്എസ് ശക്തികളുടെ രാഷ്‌ട്രീയ പദ്ധതിയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. ലക്ഷക്കണക്കിനാളുകളുടെ വോട്ടവകാശം ഇതിലൂടെ ഇല്ലാതാക്കും. ദേശീയ പൗരത്വ രജിസ്റ്റർ പിൻവാതിലിലൂടെ നടപ്പാക്കാനാണ്‌ ശ്രമം. ഭരണകക്ഷിക്ക് അനുകൂലമായി വോട്ടർമാരുടെ ഘടന പൊളിച്ചെഴുതുന്നതും പ്രായപൂർത്തിവോട്ടവകാശത്തിന്റെ അടിത്തറ തകർക്കുന്നതുമാണ്‌ എസ്‌ഐആർ. യോഗ്യരായവർ നീക്കം ചെയ്യപ്പെടുന്നില്ലെന്നും വ്യാജവോട്ടർമാർ കൂട്ടിച്ചേർക്കപ്പെടുന്നില്ലെന്നും ഉറപ്പാക്കാൻ ജാഗ്രത പുലർത്തണമെന്നും പിബി ആവശ്യപ്പെട്ടു.


​വൈദ്യുതി ഭേദഗതി 
ബില്ലിനെതിരെ 
പോരാടണം

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന വൈദ്യുതി ഭേദഗതി ബിൽ ഉ‍ൗർജമേഖലയെ പൂർണ്ണമായും സ്വകാര്യവൽക്കരിക്കുന്നതാണെന്ന്‌ പിബി ചൂണ്ടിക്കാട്ടി. ലാഭത്തിൽ അധിഷ്‌ഠിതമായ വിപണിയായി ഉ‍ൗർജമേഖലയെ പൊളിച്ചെഴുതാനാണ്‌ ലക്ഷ്യം. ബിൽ പാസായാൽ കാർഷിക, ഗാർഹിക ഉപഭോക്താക്കൾക്ക് താരിഫ്‌ വർധന ആഘാതമാകും. സംസ്ഥാന വിതരണ കന്പനികളെ തളർത്തി രാജ്യത്തിന്റെ ഊർജ പരമാധികാരം സ്വകാര്യ കുത്തകകൾക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതാണ്‌ നീക്കം. എല്ലാ വിഭാഗം ജനങ്ങളും ഇ‍ൗ പോരാട്ടത്തിൽ അണിചേരണം.


തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ശ്രംശക്തി നീതി 2025 കരട്‌ നയം തൊഴിൽ കോഡുകൾ നടപ്പാക്കാനുള്ള വഞ്ചനാപരമായ നീക്കമാണെന്നും പിബി വിലയിരുത്തി. മോദിസർക്കാരിന്റെ 11 വർഷത്തിനിടയിൽ സ്ത്രീകൾക്കും ദളിതർക്കും ആദിവാസികൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു. ആർ‌എസ്‌എസ് ശതാബ്ദി ആഘോഷം ഭിന്നിപ്പിന്റെ പ്രത്യേശാസ്‌ത്രം പ്രചരിപ്പിക്കാനുള്ള വേദിയായി. മാർക്സിസത്തോടുള്ള സംഘപരിവാറിന്റെ വെറുപ്പ്‌ കേരളത്തെ ‘പ്രക്ഷുബ്ധമായ സംസ്ഥാനം' എന്ന്‌ വിശേഷിപ്പിച്ചാണ് അവർ പ്രകടിപ്പിച്ചത്.


യുഎസുമായുള്ള പ്രതിരോധ കരാര്‍ അപലപനീയം

തൊഴിലില്ലായ്മടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ പകരം സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ വിദേശ മൂലധനത്തിന് സന്പദ്‌വ്യവസ്ഥ തുറന്നുകൊടുക്കുകയാണ്‌. അമേരിക്കൻ സമ്മർദത്തിൽ വ്യാപാര കരാർ ഒപ്പിടാനും തുനിയുന്നു. അമേരിക്കയുടെ കൈകളിലേയ്ക്ക്‌ ഇന്ത്യയെ തള്ളിവിടുന്ന 10 വർഷത്തെ പ്രതിരോധ കരാറിനെ പിബി അപലപിക്കുന്നു.


വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തുന്ന ഭീഷണികളെ സിപിഐ എം അപലപിച്ചു. ഗാസയിലെ വെടിനിർത്തൽ താൽക്കാലിക ആശ്വാസമായി. ഇസ്രായേലിനോടുള്ള നയം കേന്ദ്രം പുനഃപരിശോധിക്കുകയും പ്രതിരോധ സുരക്ഷാ ബന്ധങ്ങൾ വിച്ഛേദിക്കുകയും പലസ്തീനുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വേണമെന്നും പിബി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


അതിദാരിദ്ര്യ നിർമാർജനം എൽഡിഎഫിന്റെ 
ചരിത്ര നേട്ടം

അതിദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ നവംബർ ഒന്നിന്‌ ചരിത്രപരമായ വിജയം പ്രഖ്യാപിച്ചു. തദ്ദേശസ്ഥാപനങ്ങൾ വഴി 64,006 കുടുംബങ്ങളെ തിരിച്ചറിഞ്ഞ്‌, നാലുവർഷത്തെ ഡാറ്റ അധിഷ്‌ഠിതവും സൂഷ്‌മവുമായ ആസൂത്രണത്തിലൂടെ നടപ്പിലാക്കിയ അതി ദാരിദ്ര്യ നിർമാർജന പരിപാടിയുടെ (ഇപിഇപി) ഫലമാണിത്.


പുരോഗമന രാഷ്ട്രീയം, വികേന്ദ്രീകൃത ഭരണം, അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനം എന്നിവയിൽ ഉ‍ൗന്നിയുള്ള കേരള വികസന മാതൃകയുടെ ഫലപ്രാപ്തിയുടെ തെളിവാണ് ഈ വിജയം. പ്രതിപക്ഷ സംസ്ഥാനങ്ങൾക്ക്‌ ധനസഹായം നിഷേധിച്ച്‌ കേന്ദ്രം നടത്തുന്ന സാന്പത്തിക യുദ്ധത്തിനിടയിലും കേരളത്തിന്‌ വിജയം കൈവരിക്കായി. പരിമിതികൾക്കിടയിലും മികച്ച ക്ഷേമ നേട്ടങ്ങൾ കൈവരിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയും പ്രതിബദ്ധതയും പ്രകടമാക്കുന്ന നേട്ടം അതിനാൽ സുപ്രധാനമാണെന്നും പിബി വിലയിരുത്തി.


​എൽഡിഎഫ്‌ 
സ്ഥാനാർഥികളെ 
വിജയിപ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്‌ത്‌ യുഡിഎഫിനെയും ബിജെപിയടക്കമുള്ള വർഗീയ ശക്തികളെയും പരാജയപ്പെടുത്തണമെന്നും വോട്ടർമാരോട്‌ പിബി അഭ്യർഥിച്ചു. ബിജെപിയുമായും മറ്റ് വർഗീയ ശക്തികളുമായും സഹകരിച്ചതിലൂടെ യുഡിഎഫ്‌ സ്വയം തുറന്നുകാട്ടിയെന്നും പ്രസ്‌താവനയിൽ പറഞ്ഞു.


ഭീകര ശൃംഖലയെ നിയമത്തിന് 
മുന്നിലെത്തിക്കണം

രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ശൃംഖലയുടെ പങ്കാളിത്തം തെളിയിക്കുന്നതാണ്‌ ഡൽഹി സ്‌ഫോടനമെന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ കേന്ദ്ര സർക്കാരിന്റെ പരാജയം വീണ്ടും വെളിവാക്കപ്പെട്ടെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ഓപ്പറേഷൻ സിന്ദൂറിൽ ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം അടക്കം ലക്ഷ്യമിട്ട്‌ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കിയെന്ന്‌ കേന്ദ്രം അവകാശപ്പെട്ടിരുന്നു. എന്നാൽ ഡൽഹി സ്‌ഫോടനത്തിന്‌ പിന്നിൽ ജെയ്‌ഷെ തന്നെയെന്ന്‌ സർക്കാർ ആരോപിക്കുന്പോൾ ഇ‍ൗ അവകാശവാദം ഖണ്ഡിക്കപ്പെടുന്നു.


ഉത്തരവാദികളായ ഭീകര ശൃംഖലയെ നിയമത്തിന്‌ മുന്നിലെത്തിക്കാൻ കേന്ദ്രം ഉടനടി നടപടി സ്വീകരിക്കണം. അതോടൊപ്പം സ്‌ഫോടനത്തെ ആയുധമാക്കി സമൂഹത്തെ ധ്രുവീകരിക്കാനുള്ള എല്ലാ നീക്കത്തെയും ചെറുക്കണം. പിബി പ്രസ്താവനയില്‍ പറഞ്ഞു.​



deshabhimani section

Related News

View More
0 comments
Sort by

Home