ബംഗാളി വിദേശഭാഷയെന്ന്‌ ഡൽഹി പൊലീസ്‌; ആഭ്യന്തരമന്ത്രാലയം മാപ്പ്‌ പറയണം: സിപിഐ എം

cpim flag statement
വെബ് ഡെസ്ക്

Published on Aug 04, 2025, 05:53 PM | 1 min read

ന്യൂഡൽഹി: ‘ബംഗാളി’യെ ‘ബംഗ്ലാദേശി ഭാഷ’ എന്ന്‌ തെറ്റായി കാണിച്ച്‌ കത്ത്‌ നൽകിയ ഡൽഹി പൊലീസ്‌ നടപടിയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അപലപിച്ചു. ബംഗാളി സംസാരിക്കുന്ന എണ്ണമറ്റ ആളുകളെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെന്ന സംശയത്തിൽ അറസ്‌റ്റുചെയ്യുന്ന ഡൽഹി പൊലീസിനുള്ളിലെ ആശങ്കജനകമായ മനോഭാവമാണ്‌ ഇതിൽനിന്ന്‌ പ്രകടമാകുന്നത്‌. ബംഗാളി ഭാഷയെക്കുറിച്ചുള്ള അവരുടെ അജ്ഞതയ്‌ക്ക്‌ തെളിവുമാണിത്‌.


ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾപ്രകാരം ഇന്ത്യയുടെ ദേശീയ ഭാഷകളിൽ ഒന്നാണ്‌ ബംഗാളി. ഇതിനെ വിദേശഭാഷയായി കരുതുന്ന, ആഭ്യന്തരമന്ത്രാലയം നിയന്ത്രിക്കുന്ന ഡൽഹി പൊലീസ്‌ ഭരണഘടനാലംഘനമാണ്‌ നടത്തുന്നത്‌. ബംഗാളി ഭാഷ സംസാരിക്കുന്നവരെ അവജ്ഞയോടെ കാണുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായുടെ സമീപനത്തിന്റെ ഭാഗവുമാണിത്‌. അയൽരാജ്യവുമായി ഭാഷ പങ്കിടുന്ന ബംഗാളികളെ നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിക്കാനുള്ള ബിജെപി സർക്കാരിന്റെ ഹീനമായ പദ്ധതിയാണ്‌ ഇതിൽനിന്ന്‌ വെളിപ്പെടുന്നത്‌. ദരിദ്ര കുടിയേറ്റ തൊഴിലാളികളായ ബംഗാളികളെ പല സംസ്ഥാനങ്ങളിലും പൊലീസ്‌ വേട്ടയാടുന്നു. പലരെയും തടവിൽ വയ്‌ക്കുകയും നടപടിക്രമങ്ങൾ പാലിക്കാതെ പുറത്താക്കുകയും ചെയ്യുന്നു.


ബംഗാളി ഭാഷ സംസാരിക്കുന്നവരെ ഉപദ്രവിക്കുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം. ബംഗാളിയെ വിദേശഭാഷയായി കണ്ടതിന്‌ ആഭ്യന്തരമന്ത്രാലയം മാപ്പ്‌ പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Home