വോട്ട്‌ മോഷണം പുറത്തുവന്നിട്ടും അതിനെ പുച്ഛിച്ച് 
തള്ളാനും നുണകൊണ്ട്‌ മൂടാനുമാണ്‌ കമീഷൻ ശ്രമിച്ചത്

തെരഞ്ഞെടുപ്പ്‌ കമീഷന്റെ പക്ഷപാതിത്വം 
വ്യക്തം : സിപിഐ എം

cpim pb statement on Election Commision
വെബ് ഡെസ്ക്

Published on Aug 20, 2025, 02:36 AM | 1 min read


ന്യൂഡൽഹി

ഭരണകക്ഷിയായ ബിജെപിയോടുള്ള കേന്ദ്രതെരഞ്ഞെടുപ്പ്‌ കമീഷന്റെ പക്ഷപാതിത്വം കൂടുതൽ വെളിപ്പെട്ടതായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ട്‌ മോഷണം തെളിവുകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്നിട്ടും അതിനെ പുച്ഛിച്ച്‌ തള്ളാനും നുണകൊണ്ട്‌ മൂടാനുമാണ്‌ കമീഷൻ ശ്രമിച്ചത്‌. കമീഷന്റെ പക്ഷപാതിത്വം ഇതിലൂടെ വ്യക്തമാണ്‌.


ഏറെ നാളത്തെ തയ്യാറെടുപ്പും കൂടിയാലോചനയും ആവശ്യമുള്ള വോട്ടർപ്പട്ടിക തീവ്രപുനഃപരിശോധനയിലേക്ക്‌ കടന്നത് രാഷ്‌ട്രീയപാർടികളുമായി കൂടിയാലോചിക്കാതെയാണ്‌. സാർവത്രിക വോട്ടവകാശം ഒന്നാം തെരഞ്ഞെടുപ്പ്‌ കമീഷന്റെ കാലം മുതലുള്ള പൊതുതത്വമാണ്‌. വോട്ടർപ്പട്ടിക തയ്യാറാക്കുന്നതിന്റെ പൂർണ ഉത്തരവാദിത്വം കമീഷനാണ്‌. നിലവിലെ നടപടി ക്രമമനുസരിച്ച്‌ ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച്‌ കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പേര്‌ നീക്കാനാകൂ.

തീവ്രപുനഃപരിശോധനയ്‌ക്ക്‌ കമീഷൻ ആവശ്യപ്പെട്ട 11 തിരിച്ചറിയൽ രേഖകളും ബിഹാറിലെ ഭൂരിഭാഗം ജനങ്ങളുടെയും പക്കലുള്ളതല്ല. രേഖകളില്ലാത്തവരെ പ‍ൗരന്മാരല്ലെന്ന വിലയിരുത്തലോടെ പട്ടികയിൽനിന്ന്‌ നീക്കുന്ന സമീപനം ഭരണഘടനയുടെ 326–ാം അനുച്ഛേദത്തിന്റെയും സാർവത്രിക വോട്ടവകാശത്തിന്റെയും ലംഘനമാണ്‌.

പുറത്താക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടിക കാരണം വിശദമാക്കി പുറത്തുവിടാൻ കോടതി നിർദേശിച്ചത്‌ സ്വാഗതാർഹമാണ്‌. പുറത്താക്കപ്പെട്ടവരിൽ ഭൂരിഭാഗവും ന്യൂനപക്ഷങ്ങളും സ്‌ത്രീകളും പിന്നാക്ക വിഭാഗക്കാരുമാണ്‌. പുനഃപരിശോധന പ്രക്രിയക്കെതിരായി വലിയ ജനരോഷമാണ്‌ ബിഹാറിൽ ഉയരുന്നത്‌. ‘നുഴഞ്ഞുകയറ്റ’ക്കാരെ പുറത്താക്കുകയെന്ന ആർഎസ്‌എസ്‌ അജൻഡയാണ്‌ കമീഷൻ പക്ഷപാതപരമായി നടപ്പാക്കുന്നത്‌. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ഇത്‌ വ്യക്തമാക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ്‌ കമീഷന്റെ പക്ഷപാതപരമായ നിലപാടിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചുള്ള വ്യാപക പ്രചാരണം അനിവാര്യമാണ്‌.

സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ കമീഷനെതിരായി സംശയം വർധിക്കുകയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബംഗളൂരൂ സെൻട്രൽ മണ്ഡലത്തിലെ വോട്ടുമോഷണം തെളിവുസഹിതം പുറത്തുവന്നിട്ടും നടപടിക്ക്‌ കമീഷൻ തയ്യാറായിട്ടില്ല –പിബി പ്രസ്‌താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home