ഈ മാസം ഒരാഴ്‌ച രാജ്യവ്യാപകമായി സിപിഐ എം പ്രചാരണം നടത്തും
സൈനികനടപടി രാഷ്ട്രീയ പദ്ധതിയാക്കരുത് ; ഭീകരതയ്‌ക്കെതിരെ രാജ്യവ്യാപക പ്രചാരണം

ന്യൂഡൽഹി
പഹൽഗാം ഭീകരാക്രമണശേഷമുള്ള സൈനികനടപടിയെ രാഷ്‌ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് സിപിഐ എം. ഭീകരതയ്‌ക്കും യുദ്ധമുറവിളിക്കും പഹൽഗാം ഭീകരാക്രമണം ഉപയോഗിച്ച് വർഗീയവിദ്വേഷം പടർത്താനുള്ള ശ്രമങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി സിപിഐ എം നേതൃത്വത്തിൽ ജൂണിൽ ഒരാഴ്‌ച നീണ്ട പ്രചാരണം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. മൂന്നു ദിവസത്തെ കേന്ദ്രകമ്മിറ്റിയോഗത്തിന്റെ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പഹൽഗാം ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായാണ് അപലപിച്ചത്. ജമ്മു കശ്‌മീർ ജനത ഒന്നടങ്കം ആക്രമണത്തിനെതിരെ രംഗത്തുവന്നു. ഈ ഐക്യത്തിന് വിരുദ്ധമായി മുസ്ലിങ്ങൾക്കും കശ്‌മീരികൾക്കുമെതിരെയുള്ള വിദ്വേഷപ്രചാരണത്തിനാണ് തീവ്രഹിന്ദുത്വ ശക്തികൾ ഭീകരാക്രമണത്തെ ഉപയോഗിച്ചത്. ഭീകരാക്രമണശേഷമുള്ള സൈനികനടപടിയെയും പക്ഷപാതപരമായ രാഷ്‌ട്രീയലക്ഷ്യങ്ങൾക്കായി ഉപയോഗിക്കാനാണ് പ്രധാനമന്ത്രിയും ബിജെപിയും താൽപ്പര്യപ്പെടുന്നത്. ബിഹാറിലും ബംഗാളിലും മോദി നടത്തിയ പ്രസംഗങ്ങളിൽ രാഷ്‌ട്രീയ, തെരഞ്ഞെടുപ്പ് ലക്ഷ്യങ്ങൾ വ്യക്തം. സർക്കാർ മറുപടി പറയേണ്ട ഒരുപാട് ചോദ്യങ്ങളുണ്ട്. പ്രത്യേകപദവി എടുത്തുകളഞ്ഞശേഷം കശ്‌മീരിൽ ഭീകരത അവസാനിച്ചുവെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്. പിഴവേറിയ ഈ സമീപനമാണ് ഗുരുതര സുരക്ഷാവീഴ്‌ചകൾക്കും ഭീകരാക്രമണത്തിനും ഇടയാക്കിയത്. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താനായിട്ടില്ല. ഇത്തരം വീഴ്‌ചകളുടെ ഉത്തരവാദിത്വം ആർക്കെന്ന് നിശ്ചയിക്കേണ്ടതുണ്ട്. ഭീകരതയെ ചെറുക്കാൻ ആദ്യം ചെയ്യേണ്ടത് ജനങ്ങളുടെ ഐക്യം ശക്തിപ്പെടുത്തലാണ്. സുരക്ഷ ശക്തിപ്പെടുത്തിയും ജനങ്ങളെ സംരക്ഷിക്കണം.
അമേരിക്കൻ ഇടപെടലാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് ട്രംപ് ആവർത്തിക്കുകയാണ്. കേന്ദ്രം ഇത് വേണ്ടവിധം നിരാകരിക്കുന്നില്ല. ഇന്ത്യ–- പാക് വിഷയത്തിൽ ഇത്തരം ബാഹ്യഇടപെടലുകൾ രാജ്യത്തെ രാഷ്‌ട്രീയ സമവായത്തിന് വിരുദ്ധമാണ്. ഭീകരത അവസാനിപ്പിക്കാനുള്ള ഏക പരിഹാരം സൈനികനടപടിയല്ല. നയതന്ത്രപരവും രാഷ്‌ട്രീയവുമായ മറ്റ് മാർഗങ്ങളും സ്വീകരിക്കണം– ബേബി പറഞ്ഞു.
പഹൽഗാം ഭീകരാക്രമണവും തുടർസംഭവവികാസങ്ങളും ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ വിസമ്മതിച്ചത് അപലപനീയമാണ്. പ്രതിപക്ഷം ഒന്നടങ്കം മുന്നോട്ടുവെച്ച ആവശ്യം അംഗീകരിക്കുന്നതിനുപകരം പ്രധാനമന്ത്രി രാജ്യമാകെ കറങ്ങി അതിദേശീയത ഇളക്കിവിടാനും രാഷ്‌ട്രീയനേട്ടം കൊയ്യാനും ശ്രമിക്കുകയാണെന്നും ബേബി പറഞ്ഞു.









0 comments