ജീവനെടുക്കുന്നത് ജനാധിപത്യ വിരുദ്ധം
ചര്‍ച്ചകൾക്കുള്ള മാവോയിസ്റ്റുകളുടെ അപേക്ഷ അംഗീകരിക്കണം: സിപിഐ എം

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ജനറൽ സെക്രട്ടറി നമ്പാല കേശവറാവു ഉൾപ്പെടെ 27 പേരെ ഏറ്റുമുട്ടലിൽ വധിച്ചതിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. മാവോയിസ്റ്റുകൾ ചർച്ചകൾക്കായി നിരന്തരം നടത്തുന്ന അഭ്യർഥനകൾ സർക്കാർ അവഗണിക്കുകയാണ്.
കേന്ദ്ര സർക്കാരും ബിജെപി നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരും ചർച്ചയിലൂടെ ഒരു പരിഹാരം തേടേണ്ടതില്ലെന്ന് തീരുമാനിച്ചു. ചർച്ചയ്ക്ക് തയാറാവുന്നതിന് പകരം മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുക എന്ന മനുഷ്യത്വരഹിതമായ നയമാണ് അവർ പിന്തുടരുന്നതെന്നും സിപിഐ എം പ്രസ്താവനയിൽ അറിയിച്ചു.
ചർച്ചകളുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും പ്രസ്താവനയിറക്കിയിരുന്നു. മനുഷ്യജീവനെടുക്കുന്നത് ആഘോഷിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഇവരുടെ നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ നീക്കം ജനാധിപത്യ വിരുദ്ധവുമാണ്.
ചർച്ച നടത്താനുള്ള മാവോയിസ്റ്റുകളുടെ അഭ്യർഥന പരിഗണിക്കണമെന്ന് നിരവധി രാഷ്ട്രീയ പാർടികളും ജനങ്ങളും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോട് എതിർപ്പുണ്ടെങ്കിലും അവര്‍ക്കെതിരായ എല്ലാ അർദ്ധസൈനിക നീക്കങ്ങളും നിർത്തിവയ്ച്ച് ചർച്ചകൾക്കുള്ള അവരുടെ അഭ്യർഥന ഉടൻ അംഗീകരിക്കണമെന്ന് സർക്കാരിനോട് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
0 comments